തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 726 റോഡ് ക്യാമറകളിൽ നിന്ന് ലഭിക്കുന്ന ദൃശ്യങ്ങളെ അടിസ്ഥാനമാക്കി, ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് മുന്നറിയിപ്പ് നോട്ടിസ് നൽകിത്തുടങ്ങി. ഈ മാസം 19 വരെ ബോധവൽക്കരണ നോട്ടിസാണ് നൽകുന്നതെന്ന് കെൽട്രോൺ ഉദ്യോഗസ്ഥർ പറഞ്ഞു.
ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് മേയ് 19 വരെ പിഴ ഒഴിവാക്കാനും അതുവരെ ബോധവൽക്കരണ നോട്ടിസ് നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു. ബോധവൽക്കരണത്തിന്റെ ഭാഗമായി നോട്ടിസ് അയയ്ക്കുമ്പോൾ നിയമലംഘനത്തിന്റെ ദൃശ്യം ഉൾപ്പെടുത്തില്ലെന്ന് കെൽട്രോൺ അധികൃതർ പറഞ്ഞു. വാഹനം റോഡ് നിയമം ലംഘിച്ചതായും തുടർന്നും നിയമങ്ങൾ ലംഘിച്ചാൽ പിഴ ഈടാക്കുമെന്നും നോട്ടിസിൽ വ്യക്തമാക്കും.
റോഡ് ക്യാമറകൾ പകർത്തുന്ന നിയമലംഘനങ്ങളുടെ ചിത്രം കേന്ദ്ര കൺട്രോൾ റൂമിലേക്കാണ് അയയ്ക്കുന്നത്. ജീവനക്കാർ കംപ്യൂട്ടറിൽ ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം നിയമലംഘനം നടന്നതായി വാഹന ഉടമയ്ക്ക് മുന്നറിയിപ്പ് നോട്ടിസ് നൽകും. പിഴ ഈടാക്കാൻ സർക്കാർ തീരുമാനിക്കുന്ന തീയതി മുതൽ ജീവനക്കാർ ദൃശ്യം പരിശോധിച്ച് കേന്ദ്ര സർക്കാരിന്റെ ഐടിഎംഎസ് (ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മാനേജ്മെന്റ് സിസ്റ്റം) സർവറിലേക്ക് അപ്‌ലോഡ് ചെയ്യും.മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഈ ഡേറ്റ ഡൗൺലോഡ് ചെയ്തു പരിശോധിക്കുമെന്നു കെൽട്രോൺ അധികൃതർ പറഞ്ഞു.