തൃശൂര്‍: പാലപ്പിള്ളി എലിക്കോട് നഗറില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സംഘത്തിന്റെ മണിക്കൂറുകള്‍ നീണ്ട ദൗത്യമാണ് പരാജയപ്പെട്ടത്. ആരോഗ്യവിദഗ്ധര്‍ എത്തിയാണ് സംഭവം സ്ഥിരീകരിച്ചത്. എലിക്കോട് റാഫി എന്നയാളുടെ കക്കൂസ് കുഴിയിലാണ് കാട്ടാനക്കുട്ടി വീണത്. ആളില്ലാത്ത വീട്ടിലെ ടാങ്കില്‍ ആണ് ആന വീണത്.
ഇന്ന് രാവിലെ എട്ട് മണിയോടെ നാട്ടുകാരാണ് കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കില്‍ വീണത് കണ്ടത്. പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി. രക്ഷിക്കാനായി ഏറെ ശ്രമങ്ങള്‍ നടത്തി. മണ്ണ് മാറ്റി ആനക്കുട്ടിക്ക് കയറിവരാനുള്ള സൗകര്യം ഒരുക്കിയിരുന്നു. അപ്പോഴേക്കും ആന തളര്‍ന്നു പോവുകയായിരുന്നു. മുകളിലേക്ക് കയറിവരാന്‍ ശ്രമിച്ച ആന കുഴഞ്ഞ് പോയി. ഏറെ നേരമായി കുഴിയില്‍ അകപ്പെട്ടതിനാല്‍ ക്ഷീണിതനായിരുന്നു കുട്ടിയാന. കയര്‍ ഇട്ടുനല്‍കിയെങ്കിലും എഴുന്നേല്‍ക്കാന്‍ കഴിയാതെ കുട്ടിയാന വീണ്ടും കുഴിയില്‍ തന്നെ കിടക്കുകയായിരുന്നു. പിന്നീട് ഡോക്ടര്‍മാരെത്തി മരണം സ്ഥീരീകരിക്കുകയായിരുന്നു.
ചെറിയ സെപ്റ്റിക് ടാങ്കാണിത്. അതിനാല്‍ ശ്വാസം ലഭിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. ആനയുടെ ലെന്‍സിലുളളിലേക്ക് വെള്ളം കയറിതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞാലെ യഥാര്‍ത്ഥ കാരണം പറയാന്‍ കഴിയുകയുള്ളൂവെന്നാണ് ആനയെ പരിശോധിച്ച ഡോക്ടര്‍ പറയുന്നു.