ഹൈദരാബാദ്: അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ രാത്രി ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ രേവതി (39) എന്ന സ്ത്രീയാണ് മരിച്ചത്. ഒരു കുട്ടിയടക്കം രണ്ട് പേര്‍ക്കാണ് ഗുരുതര പരിക്കേറ്റത്.
പ്രീമിയര്‍ ഷോയ്ക്കിടെയാണ് ദാരുണ സംഭവം. ഷോ കാണാന്‍ നായകനായ അല്ലു അര്‍ജുന്‍ എത്തുമെന്നു വിവരം ലഭിച്ചതോടെ തിയേറ്റര്‍ പരിസരത്തേക്ക് ജനക്കൂട്ടം ഒഴുകിയെത്തി. തിരക്കേറിയതോടെ ആളുകള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. അതിനിടയില്‍പ്പെട്ടാണ് സ്ത്രീ മരിച്ചത്. ഒരു കുട്ടിയടക്കം രണ്ട് പേര്‍ ബോധംകെട്ടു വീണു. ഇവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.
മരിച്ച സ്ത്രീ ഭര്‍ത്താവിനും 7, 9 വയസുള്ള കുട്ടികള്‍ക്കുമൊപ്പമാണ് സിനിമ കാണാന്‍ എത്തിയത്. ഇതില്‍ ഒരു കുട്ടിയുടെ നിലയാണ് ഗുരുതരമായത്. തിക്കിലും തിരക്കിലും പെട്ട് സ്ത്രീ വീണു പോയി. ഇവര്‍ക്ക് പൊലീസ് എത്തി സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.