കോഴിക്കോട്: ജില്ല വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷനും ചേര്‍ന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്‌മെന്റിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ‘ഹരിത ഭവനം’ പദ്ധതിയുടെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ പ്രൈമറി അധ്യാപകര്‍ക്കുള്ള പരിശീലനങ്ങള്‍ക്ക് സിറ്റി ഉപജില്ലയിലെ അധ്യാപക ശില്പശാലയോടെ തുടക്കമായി. തളി ഗവ. യുപി സ്‌കൂളില്‍ നടന്ന ശില്‍പശാല ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം ഗൗതമന്‍ ഉദ്ഘാടനം ചെയ്തു. എഇഒ കെ ജീജ അധ്യക്ഷയായി. പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്‍ പ്രസിഡണ്ട് വടയക്കണ്ടി നാരായണന്‍ പദ്ധതി വിശദീകരിച്ചു. ബാബു പറമ്പത്ത് ശില്പശാലയ്ക്ക് നേതൃത്വം നല്‍കി. ഫൗണ്ടേഷന്‍ സെക്രട്ടറി സെഡ് എ സല്‍മാന്‍, എച്ച് എം ഫോറം കണ്‍വീനര്‍ കെ മനോജ് കുമാര്‍, ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് ഷജീര്‍ഖാന്‍ വയ്യാനം തുടങ്ങിയവര്‍ സംസാരിച്ചു. ഉപജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സിആര്‍ കാവ്യ, അഫിന്‍ അലക്‌സ് എന്നിവര്‍ കോഡിനേറ്റര്‍മാരും ആറ് അധ്യാപകര്‍ അംഗങ്ങളും ആയി സമിതി രൂപീകരിച്ചു. മാലിന്യനിര്‍മാര്‍ജനം, ഊര്‍ജ്ജസംരക്ഷണം, ജലസംരക്ഷണം, ഭക്ഷ്യ സുരക്ഷ എന്നീ മേഖലകളില്‍ സ്വയം പര്യാപ്തമായ യൂണിറ്റുകള്‍ ആക്കി വീടുകളെ മാറ്റുന്ന പദ്ധതിയാണ് ഹരിത ഭവനം. ജില്ലയിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും വീടുകള്‍ ഹരിത ഭവനങ്ങളും വിദ്യാലയങ്ങള്‍ ഹരിതവിദ്യാലയങ്ങളും ആക്കി മാറ്റുകയാണ് ഒന്നാംഘട്ടത്തില്‍ ചെയ്യുക. ഇവിടങ്ങളില്‍ മൂന്ന് പെട്ടികള്‍ വച്ച് മാലിന്യങ്ങള്‍ വൃത്തിയാക്കി തരംതിരിച്ച് ശേഖരിച്ച് ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറുകയും ഊര്‍ജ്ജവ്യയവും ജലവ്യയവും പരമാവധി കുറക്കുകയും വീട്ടുവളപ്പില്‍ പരമാവധി കൃഷി ചെയ്യുകയും ആണ് ലക്ഷ്യമിടുന്നത്. അധ്യാപക പരിശീലനം പൂര്‍ത്തിയാക്കിയ ജില്ലയിലെ ഹൈസ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും താമരശ്ശേരി, വടകര വിദ്യാഭ്യാസ ജില്ലകളിലെ പ്രൈമറി വിദ്യാര്‍ത്ഥികളും ചേര്‍ന്ന് 2800ലേറെ ഹരിതഭവനങ്ങള്‍ ഇതിനകം സൃഷ്ടിച്ചു കഴിഞ്ഞു. ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ജില്ലയില്‍ ആയിരം ഹരിത ഭവനങ്ങളുടെ പ്രഖ്യാപനം നേരത്തെ ജില്ലാ കലക്ടര്‍ നിര്‍വഹിച്ചിരുന്നു.