‘പ്ലസ് ടു കഴിഞ്ഞിട്ടെന്താ ചെയ്യാന്‍ പോകുന്നത്?’ ജില്ലാ കലക്ടര്‍ എസ്. സാംബശിവറാവുവിന്റെ ചോദ്യത്തിന് നിറഞ്ഞ ഒരു ചിരിയായിരുന്നു ആദ്യം അനാമികയുടെ മറുപടി. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിനായുളള നിയമാനുസൃത രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായാണ് ഭിന്നശേഷിക്കാരിയായ വട്ടോളി പറമ്പത്ത് അനാമികയും അമ്മ രമയും കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന ‘ഒപ്പം’ പരാതി പരിഹാര അദാലത്തിന് എത്തിയത്. കലക്ടറുടെ ചോദ്യം ആദ്യം അമ്പരപ്പിച്ചുവെങ്കിലും പ്ലസ് ടു കഴിഞ്ഞ് ഡിഗ്രി ചെയ്യുമെന്ന് ചിരിയോടെ അനാമിക മറുപടി നല്‍കി.
10 ശതമാനം മാത്രമുള്ള വൈകല്യമുമുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റായിരുന്നു ഇവരുടെ കൈവശമുണ്ടായിരുന്നത്. രേഖകള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് 2016-ലെ ആര്‍പിഡബ്ല്യു നിയമമനുസരിച്ച് ഉയരം കുറഞ്ഞവരുടെ വിഭാഗത്തില്‍പ്പെടുത്തി സര്‍ട്ടിഫിക്കറ്റ് പുനര്‍നിര്‍ണയിച്ചു നല്‍കാന്‍ ഡിഎംഒയെ കലക്ടര്‍ ചുമതലപ്പെടുത്തി. പുതിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ ഇവര്‍ക്ക് വികലാംഗ പെന്‍ഷനും ജോലി സംവരണവും ലഭിക്കും. ഇത്തരത്തില്‍ വിവിധ ആവശ്യങ്ങളുമായാണ് നിരവധി പേര്‍ കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് മീറ്റിംഗ് ഹാളില്‍ നടന്ന ഒപ്പം അദാലത്തിനെത്തിയത്. പല പരാതികളിലും ഉടന്‍ തന്നെ തീര്‍പ്പുണ്ടായതോടെ നിറഞ്ഞ മനസ്സോടെയാണ് അനാമികയുടെ കുടുംബത്തെ പോലുള്ളവര്‍ വീട്ടിലേക്ക് മടങ്ങിയത്.
അദാലത്തില്‍ 75 പരാതികളാണ് പരിഗണിച്ചത്. മുഴുവന്‍ പരാതികളിലും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ കുന്നുമ്മല്‍ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ അദാലത്തില്‍ തീരുമാനിച്ചു.
ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിനായാണ് സെറിബ്രള്‍ പാള്‍സി ബാധിച്ച ഭിന്നശേഷിക്കാരിയായ മകളുമായി കുന്നുമ്മല്‍ എളമരാത്താങ്കണ്ടിയില്‍ സോഫിയ ‘ഒപ്പം’ അദാലത്തിനെത്തിയത്. ഭിന്നശേഷിക്കാരിയായ കുട്ടിക്ക് നിരാമയ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ സഹായം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാമെന്നും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് അക്ഷയകേന്ദ്രവുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കി. 26 വയസുകാരിയായ ഭിന്നശേഷിക്കാരിയായ ലിനിഷക്ക് ചികിത്സ സൗജന്യമായി ലഭ്യക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ഡിഎംഒക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങി ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിനായുളള നിയമാനുസൃത രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റ് 14 പേര്‍ക്ക് നല്‍കി. 44 പരാതി വന്നതില്‍ നാഷണല്‍ ട്രസ്റ്റ് ജില്ലാ സമിതിക്ക് പരിഗണിക്കാന്‍ കഴിയുന്ന 34 എണ്ണമാണ് അദാലത്തില്‍ പരിഗണിച്ചത്. സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ബാക്കിയുള്ള അപേക്ഷകള്‍ അടുത്ത ഹിയറിങില്‍ പരിഗണിക്കാന്‍ തീരുമാനിച്ചു.
റേഷന്‍ കാര്‍ഡ് ബിപിഎല്‍ വിഭാഗത്തിലേക്ക് മാറ്റിക്കിട്ടുന്നതിനായാണ് നടുവിലക്കണ്ടി ലക്ഷംവീട് കോളനിയിലെ ദാസന്‍ അമ്മ 83-കാരിയായ അമ്മാളുവിനെയും കൊണ്ട് അദാലത്തിനെത്തിയത്. ഡ്രൈവറായിരുന്ന ദാസന് ഒന്നര വര്‍ഷമായി ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. കാര്‍ഡ് പൊതുവിഭാഗത്തിലായതോടെ റേഷനും പണം കൊടുക്കേണ്ടി വന്നതോടെ ജീവിതം ദുരിതത്തിലായി. പ്രശ്‌നം പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ അദാലത്തിലെത്തിയ സിവില്‍ സപ്ലൈസ് അധികൃതരോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടിയ ഇവര്‍ക്ക് വലിയ ആശ്വാസമായി അദാലത്തിലെ തീരുമാനം.
പ്രദേശത്ത് അപകടഭീഷണിയിലായ മരങ്ങളും പരസ്യ ബോര്‍ഡുകളും നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് അസി. സെക്രട്ടറിയോടും വില്ലേജ് ഓഫീസറോടും നിര്‍ദ്ദേശിച്ചു. പൊതുവിതരണം, ലൈഫ് പദ്ധതി, റോഡ് തകര്‍ച്ച, കുളം വൃത്തിയാക്കല്‍ തുടങ്ങിയ പരാതികളും അദാലത്തില്‍ പരിഗണിച്ചു.
കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്‍, അസി. കലക്ടര്‍ ഡി ആര്‍ മേഘശ്രീ, അഡി. ഡിഎംഒ ഡോ. ആശാദേവി, വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ സജീവന്‍, പഞ്ചായത്ത് സെക്രട്ടറി എം പി ഉദയഭാനു, നാഷണല്‍ ട്രസ്റ്റ് ജില്ലാ സമിതി കണ്‍വീനര്‍ പി സിക്കന്തര്‍, മെമ്പര്‍ ഡോ. പി ഡി ബെന്നി, വിവിധ ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.