ജനവാസമേഖലയിലേക്ക് അതിവേഗമെത്തിയ കൊമ്പനെ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ശരീരമാസകലം അമ്പേറ്റതിന്റെ പരിക്കുകൾ. ഒഡിഷയിലെ അതാഗഡ് വനംവകുപ്പ് ഡിവിഷന് കീഴിലെ നരസിംഗപൂരിലെ നുവാഗഡ് റിസർവ് വനത്തിന് സമീപത്താണ് ഗുരുതരമായി പരിക്കേറ്റ കൊമ്പനാനയെ കണ്ടെത്തിയത്. എട്ട് വയസ് പ്രായം വരുന്ന കൊമ്പനാനയെ ആണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ജനവാസ മേഖലയിൽ എത്തിയ കൊമ്പനെ നാട്ടുകാരാണ് കണ്ടെത്തിയത്. നാട്ടുകാർ വിവരം നൽകിയത് അനുസരിച്ച് സ്ഥലത്ത് എത്തിയ ആർആർടി സംഘമാണ് ആനയെ പരിശോധിച്ചത്. ആന വേട്ടക്കാരിൽ നിന്ന് രക്ഷപ്പെട്ടതാണെന്നാണ് സംശയിക്കുന്നത്. ആനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തുന്നതിന് ഒരു ദിവസം മുൻപാണ് പരിക്കേറ്റതെന്നാണ് വനംവകുപ്പ് സംശയിക്കുന്നത്. നാലിലേറെ ഇടത്താണ് ആനയ്ക്ക് അമ്പുകൾ ഏറ്റ് പരിക്കേറ്റിട്ടുള്ളത്. വേദനകൊണ്ട് പുളഞ്ഞ് ആന പരാക്രമം എടുത്ത് പായുന്നതിനിടയിൽ അമ്പുകൾ വീണുപോയതായാണ് ആർആർടി സംഘം പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയിട്ടുള്ളത്. മുറിവുകളിൽ മരുന്നുകൾ വച്ച ശേഷം നിരീക്ഷണത്തിൽ കഴിയുന്ന ആനയെ പരിക്ക് ഭേദമാകുന്ന മുറയ്ക്ക് തിരികെ കാട്ടിലേക്ക് അയയ്ക്കുമെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അതേസമയം ആറ് മാസത്തിനുള്ളിൽ അസ്വഭാവിക രീതിയിൽ 50 ആനകൾ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒഡിൽ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ലഭ്യമാകുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ- ഒക്ടോബർ മാസത്തിനിടയിൽ 56 ആനകളാണ് ഒഡിഷയിൽ ചരിഞ്ഞത്.