‘റീ ഇമാജിനിങ് കേരളം’ പരിശീലന പരിപാടി ഇന്ന് കോഴിക്കോട് ഐഐഎം -ൽ ആരംഭിച്ചു
കോഴിക്കോട്: കേരളത്തിന്‍റെ ഭാവി വികസനത്തിന് പുതിയ ദിശ തേടി മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിസഭാംഗങ്ങക്കുള്ള പ്രത്യേക പരിശീലന പരിപാടി കോഴിക്കോട് ഐഐഎമ്മിൽ ആരംഭിച്ചു. വർഷങ്ങൾക്ക് ശേഷം വീണ്ടും ക്ലാസ് മുറിയിലേക്കെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ എക്‌സിൽ കുറിച്ചു. ‘എഐ കാലത്തെ ഭരണനേതൃത്വം, കാലാവസ്ഥാ പ്രതിരോധം, ധനകാര്യ നവീകരണം തുടങ്ങി നാളെയുടെ പാഠങ്ങൾ പഠിക്കാൻ ഞങ്ങൾ വീണ്ടും വിദ്യാർത്ഥികളാകുന്നു’! എന്നും അദ്ദേഹം കുറിച്ചു.
ഭരണരംഗത്ത് കൂടുതൽ പ്രൊഫഷണലിസവും കാര്യക്ഷമതയും കൊണ്ടുവരാൻ ‘റീ ഇമാജിനിങ് കേരളം’ പ്രത്യേക പരിശീലന പരിപാടി കോഴിക്കോട് ഐഐഎം -ൽ ആരംഭിച്ചു.
ഇന്നും നാളെയുമായാണ് ശിൽപശാല സംഘടിപ്പിച്ചിട്ടുള്ളത്. കേരളം നേരിടുന്ന സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക വെല്ലുവിളികൾ ചർച്ചയാകും. രാജ്യാന്തര വിദഗ്ധരും അക്കാദമിക് രംഗത്തെ പ്രമുഖരും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്.
കാലത്തിനനുസരിച്ച് സര്‍ക്കാരും ഭരണനേതൃത്വവും മാറേണ്ടതെങ്ങനെയെന്ന് സര്‍ക്കാരിന് ഉള്‍ക്കാഴ്ച നല്‍കുന്ന വിധത്തിലായിരിക്കും പരിശീലനം. എഐ കാലത്തെ നേതൃത്വം, നയങ്ങള്‍ ജനങ്ങളില്‍ സുസ്ഥിരമായ മാറ്റം കൊണ്ടുവരാന്‍ ചെയ്യേണ്ടത്, കാലാവസ്ഥ, ദുരന്തനിവാരണം, പൊതുജനാരോഗ്യം, വയോധിക പരിപാലനം, സില്‍വര്‍ എക്കണോമി, ഉന്നത വിദ്യാഭ്യാസം, കരിയര്‍, തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചയാകുക.
ഇത് രണ്ടാം തവണയാണ് സംസ്ഥാനത്തെ മന്ത്രിസഭയ്ക്ക് വേണ്ടി പരിശീലന ക്യാമ്പ് നടക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് 2011ലും കോഴിക്കോട് ഐഐഎമ്മിലായിരുന്നു പരിശീലനം നടന്നത്.

