തൃശൂര്‍: വിശ്വാസത്തെ ശാസ്ത്രബോധവുമായി കൂട്ടിക്കെട്ടരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എല്ലാ മതഗ്രന്ഥങ്ങളിലും അവരവരുടെ ദൈവങ്ങളും പ്രവാചകരും അത്ഭുത പ്രവര്‍ത്തികള്‍ ചെയ്തിട്ടുണ്ട്. ഇത് ശാസ്ത്രബോധവുമായി കൂട്ടികെട്ടാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി നേതാക്കള്‍ക്കും കോണ്‍ഗ്രസിനും ഒരേ സ്വരമാണെന്നത് ഒരു ക്ലീഷെയാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. കേരളത്തിലെ സമീപകാല രാഷ്ട്രീയത്തില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ബന്ധം വ്യക്തമാണ്. പരസ്പരം കൊടുക്കല്‍ വാങ്ങലുകളാണ്. നിരവധി കേസുകള്‍ ഇരുവരും തമ്മില്‍ ഒത്തുതീര്‍പ്പാക്കി. ഇപ്പോഴുള്ള വിവാദം തന്നെ സു.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഗൂഢാലോചനയാണെന്ന് സംശയിച്ചാലും കുറ്റം പറയാനാവില്ല. ഇരുവരും വര്‍ഗീയ ധ്രൂവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഗോള്‍വാള്‍ക്കറിന്റെ വിചാരധാരയെ വിമര്‍ശിച്ചതിന് എനിക്കെതിരെ കണ്ണൂര്‍ കോടതിയില്‍ ആര്‍.എസ്.എസ് കേസ് നല്‍കിയിട്ടുണ്ട്. ഗോവിന്ദന് അറിയില്ലെങ്കില്‍ പറഞ്ഞുതരാം. അതാണ് യാഥാര്‍ഥ്യം. സ്പീക്കറുടെ കൈവെട്ടുമെന്ന് പറഞ്ഞ ബി.ജെ.പി നേതാവിനെതിരെ പോലീസ് കേസെടുത്തോ. എന്തുകൊണ്ടാണ് എടുക്കാത്തത്. നാമജപഘോഷയാത്രക്കെതിരെ കേസുണ്ട്. കൈവെട്ടുമെന്നും മോര്‍ച്ചറിയില്‍ കിടത്തുമെന്ന് പറഞ്ഞതിന് കേസില്ല, സതീശൻ പറഞ്ഞു. എം.വി ഗോവിന്ദന്‍ ഡല്‍ഹിയില്‍ ചെന്നപ്പോള്‍ നിലപാട് തിരുത്തിയത് നല്ലകാര്യമാണ്. ഇതേ നിലപാട് സ്പീക്കര്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

