കര്‍ഷകസമരം; ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്ത കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകവുമായി പോലീസ്

0
133

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകരും പൊലീസും തമ്മില്‍ സംഘര്‍ഷം. കര്‍ഷകരുടെ മാര്‍ച്ച് തടയാന്‍ നിരവധി തവണ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന പ്രധാന പ്രതിഷേധത്തില്‍ പങ്കുചേരുന്നതിനായാണ് കര്‍ഷകര്‍ ഹിരിയാന അതിര്‍ത്തിയില്‍ മാര്‍ച്ച് ആരംഭിച്ചത്. ഇവരെ എന്നാല്‍ ഹരിയാന പൊലീസ് തടയുകയായിരുന്നു.

കര്‍ഷകര്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. ഹരിയാനയിലെ രെവാരി- ആല്‍വാര്‍ അതിര്‍ത്തിയിലാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് സമരക്കാരെ മസാനിയിലുള്ള ഒരു മേല്‍പ്പാലത്തില്‍ വെച്ച് തടഞ്ഞതായി രെവാരി പൊലീസ് പറഞ്ഞു. കര്‍ഷകര്‍ക്ക് നേരെ പൊലീസ് തുടര്‍ച്ചയായി കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്ത് വന്നിരുന്നു.

ഡിസംബര്‍ 30 ന് നടത്തിയ ചര്‍ച്ചയില്‍ വൈദ്യുതി ഭേദഗതി ബില്‍ 2020ന്റെ കരട് പിന്‍വലിക്കാനും വൈക്കോല്‍ കത്തിക്കുന്നത് നിയന്ത്രിക്കുന്ന വായു മലിനീകരണ ഓര്‍ഡിനന്‍സില്‍ മാറ്റം വരുത്താനും കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ കാര്‍ഷിക നിയമം പിന്‍വലിക്കും വരെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.

കര്‍ഷക പ്രതിഷേധം ആരംഭിച്ച ഘട്ടത്തിലും ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് പോകാന്‍ ശ്രമിച്ച കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു.

അതേസമയം കര്‍ഷകരുമായി കേന്ദ്രം ഇന്നും കൂടിക്കാഴ്ച നടത്തും. നേരത്തെ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. നേരത്തെ ചര്‍ച്ചക്കിടെ കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ കര്‍ഷകരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here