ഇന്ത്യയിൽ ഒമിക്രോണ്‍ ആശങ്ക വളരുന്ന സാഹചര്യത്തിൽ ബൂസ്റ്റര്‍ ഡോസ് നല്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. കേരളവും കർണാടകയും രാജസ്ഥാനുമടക്കമുള്ള സംസ്ഥാനങ്ങൾ നേരത്തെ ബൂസ്റ്റർ ഡോസ് എന്നൊരു ആവശ്യം കേന്ദ്രസർക്കാരിന് മുന്നിൽ വച്ചിരുന്നു.വിദഗ്ധ സമിതി ഇതിനെ കുറിച്ച് തീരുമാനമെടുക്കും.
അതേസമയം ഒമിക്രോൺ ഭീഷണിയുള്ള രാജ്യങ്ങളിൽ നിന്ന് പതിനാറായിരം പേർ ഇതിനോടകം ഇന്ത്യയിലെത്തിയതായും ഇവരിൽ 18 പേർ കൊവിഡ് പൊസിറ്റീവെന്നും ആരോഗ്യ മന്ത്രി അറിയിച്ചു
കൊവിഷീൽഡ് വാക്സീനെ ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ ബൂസറ്റർ ഡോസായി ഉപയോഗിക്കാൻ അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡിസിജിഐയെ ഇന്നലെ സമീപിച്ചിരുന്നു. നിലവിൽ വാക്സീൻ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു. ആസ്ട്രാ സെനേക്കാ വാക്സീനെ യുകെ ബൂസ്റ്റർഡോസായി അംഗീകരിച്ച സാഹചര്യവും നിലവിലുണ്ട്. അതേസമയം ഓക്സ്ഫോർഡിലെ ശാസ്ത്രഞ്ജൻമാർ ഒമിക്രോണിന് പ്രത്യേകമായി ഒരു വാക്സീൻ ഉടൻ കണ്ടെത്തിയേക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല ഒരു അഭിമുഖത്തിൽ പറഞ്ഞു.
.ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരുടേതടക്കം പരിശോധന ഫലം വൈകാതെ പുറത്തുവരും. ഒമിക്രോണ്‍ ബാധിതനായി പിന്നീട് നെഗറ്റീവായ ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത് 24 പേരാണ്. അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്നത് 204 പേരാണ്.
ദില്ലി വിമാനത്താവളത്തിലെത്തിയ ആറുപേര്‍ക്കും മുംബൈയിലത്തിയ ഒന്‍പത് പേര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രണ്ടിടങ്ങളിലും കൊവിഡ് സ്ഥിരീകരിച്ച സാമ്പിളുകളുടെ ജനിതക ശ്രേണീകരണ ഫലം കൂടി പുറത്തുവരാനുണ്ട്. ഇത്രയും സാമ്പിളുകളുടെ ജനിതക ശ്രേണീകരണം നടക്കുമ്പോള്‍ നാല്‍പ്പതോളം സാമ്പിളുകളുടെ ഫലം അടുത്ത ഘട്ടം പുറത്ത് വന്നേക്കുമെന്നാണ അറിയുന്നത്.