
കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരുമായി നടത്തിയ സുപ്രധാന ചർച്ചയിലും സമവായമായില്ല. മൂന്ന് കേന്ദ്രമന്ത്രിമാർ പങ്കെടുത്ത യോഗത്തിൽ മന്ത്രിമാർക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ കർഷക നേതാക്കൾ തയ്യാറായില്ല. അവരുടെ പാചകപ്പുരയിൽ (ലംഗാർ) തയ്യാറാക്കിയ ആഹാരം കൊണ്ടുപോയി അതാണ് കർഷകർ കഴിച്ചത്.
ഉച്ചയോടെ ആഹാരം നിരത്തി വച്ച തീൻമേശയിലേക്ക് മന്ത്രിമാർ നേതാക്കളെ ക്ഷണിച്ചെങ്കിലും വേണ്ട എന്ന നിലപാടാണ് അർ സ്വീകരിച്ചത്.
അവർ ഞങ്ങൾക്ക് ആഹാരം വാഗ്ദാനം ചെയ്തു. എന്നാൽ ഞങ്ങൾ അത് നിരസിക്കുകയും ലംഗാറിൽ നിന്ന് കൊണ്ടുപോയ ആഹാരം കഴിക്കുകയുമാണ് ചെയ്തത്. കാർഷിക നിയമത്തിനെതിരായ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതും കാത്ത് കഴിഞ്ഞ എട്ട് ദിവസമായി ദില്ലിയിലെ അതിർത്തികളിൽ തങ്ങുകയാണ് ആയിരക്കണക്കിന് കർഷകർ. അതേസമയം താങ്ങുവില എടുത്തുകളയുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ രേഖാമൂലം ഉറപ്പ് നൽകാമെന്ന കേന്ദ്രനിർദേശം കർഷക സംഘടനകൾ തള്ളി. ദില്ലിയിലെ വിഗ്യാൻ ഭവനിൽ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറുമായി നടത്തുന്ന ചർച്ചകളിലാണ് കർഷകസംഘടനകൾ കേന്ദ്രസർക്കാർ മുന്നോട്ടുവച്ച സമവായ നിർദേശങ്ങൾ തള്ളിയത്.വിവാദമായ കാർഷികനിയമഭേദഗതികൾ പിൻവലിച്ച്, താങ്ങുവില ഉൾപ്പടെയുള്ള കാര്യങ്ങളിൽ പുതിയ ഉറപ്പുകൾ നൽകുന്ന നിയമഭേദഗതി കൊണ്ടുവരിക എന്നതിൽക്കുറഞ്ഞുള്ള ഒരു ഉപാധിക്കും തയ്യാറല്ലെന്ന് കർഷകസംഘടനകൾ വ്യക്തമാക്കി. ചർച്ചയ്ക്ക് കർഷകവിദഗ്ധർ എത്തിയിട്ടുണ്ടെന്ന് പറഞ്ഞ കൃഷിമന്ത്രിയെ കർഷകസംഘടനാനേതാക്കൾ ചോദ്യം ചെയ്തു. നിയമത്തിലെ ആശങ്കകൾ പരിഹരിക്കാൻ വിദഗ്ധർ എത്തിയിട്ടുണ്ടെന്നാണ് മന്ത്രി പറയുന്നത്.
എന്നാൽ നിയമത്തെക്കുറിച്ച് മന്ത്രിക്ക് കർഷകരോട് വിശദീകരിക്കാനാവില്ലെങ്കിൽ പിന്നെ എങ്ങനെ നിയമം കൊണ്ടുവന്നുവെന്ന് കർഷക സംഘടനാനേതാക്കൾ ചോദിച്ചു.എന്നാൽ നിയമം റദ്ദാക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്രസർക്കാരിന്‍റെ നിലപാട്. നിലവിലെ നിയമത്തിൽ താങ്ങു വില ഉറപ്പാക്കാം. ഇതിനായി എക്‌സിക്യൂട്ടീവ് ഓർഡർ പുറത്തിറക്കും. സമരത്തിൽ പങ്കെടുത്തതിന്‍റെ പേരിൽ കേസുകൾ ഒഴിവാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും കേന്ദ്രസർക്കാർ ചർച്ചയിൽ വ്യക്തമാക്കി. രാവിലെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. അടിയന്തരമായി കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചേ തീരൂവെന്നും, ഇത് രാജ്യത്തിന്‍റെ സാമ്പത്തികസുരക്ഷയുടെ പ്രശ്നമാണെന്നും അമരീന്ദർ സിംഗ് അമിത് ഷായോട് പറഞ്ഞു.

