അസമിലെ അന്തിമ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ച വാർത്ത കുറച്ചു ദിവസം മുൻപ് വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നതാണ്. അസമിൽ എല്ലാ കടന്നുകയറ്റക്കാരെയും പുറത്താക്കുമെന്ന് ആണയിട്ട ബിജെപി, ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എൻആർസി) അന്തിമ പട്ടിക പുറത്ത് വന്നപ്പോൾ ഞെട്ടി എന്ന് വേണം പറയാൻ.
പുറത്തായവരിൽ ബഹുഭൂരിഭാഗവും ബംഗാളി ഹിന്ദുക്കളായത് കൊണ്ട് നിലപാടിൽ മാറ്റം വരുത്താൻ ഒരുങ്ങി ബിജെപി. പുറത്തായ 19 ലക്ഷത്തോളം പേർക്കായി സുപ്രീം കോടതിയെ സമീപിക്കാനും നിയമസഭയിൽ നിയമനിർമ്മാണം നടത്താനുമാണ് ബിജെപിയും അസം സർക്കാരും ഇപ്പോൾ ആലോചിക്കുന്നത്.
അന്തിമ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചപ്പോൾ മൂന്ന് കോടി പതിനൊന്ന് ലക്ഷം പേർ രജിസ്റ്ററിൽ ഉൾപ്പെട്ടു . എന്നാൽ പത്തൊൻപത് ലക്ഷത്തിലധികം പേർ പട്ടികയ്ക്ക് പുറത്താണ്. പട്ടികയിൽ നിന്ന് പുറത്തുപോയവർക്ക് അപ്പീൽ നൽകാനുള്ള അവസരമുണ്ട്. 120 ദിവസത്തിനകമാണ് അപ്പീൽ നൽകേണ്ടത്.അസമിൽ കനത്ത സുരക്ഷയ്ക്കിടെ വെബ്സൈറ്റിലൂടെയാണ് പൗരത്വ രജിസ്റ്റർ കേന്ദ്രസർക്കാർ പുറത്തിറക്കിയത്. 3,11,29004 പേരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

