തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച കേസില്‍ മന്ത്രി ആന്റണി രാജുവിന് ഇടക്കാല ആശ്വാസം.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നല്‍കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഇന്നലെയാണ് ആന്റണി രാജു കേസ് റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.പ്രഥമ ദൃഷ്ട്യാ കേസില്‍ ഹര്‍ജിക്കാരന് അനുകൂലമായ ഒരു കാര്യം തനിക്ക് കാണാന്‍ കഴിയുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടാണ് ഹൈക്കോടതി ഒരു മാസത്തേക്ക് തുടര്‍നടപടികള്‍ സ്റ്റേ ചെയ്തത്. ഒപ്പം തന്നെ രണ്ടാം എതിര്‍കക്ഷിയായ മുന്‍ ശിരസ്താദാര്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് എ എ സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിച്ചത്.
കേസില്‍ അന്വേഷണം നടത്താനോ കുറ്റപത്രം സമര്‍പ്പിക്കാനോ പൊലീസിന് അവകാശമില്ലെന്നും ഇത്തരത്തില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രം ഫയലില്‍ സ്വീകരിച്ചത് നിയമവിരുദ്ധമാണെന്നുമാണ് മന്ത്രി ഹര്‍ജിയില്‍ ആരോപിക്കുന്നത്. തൊണ്ടിമുതൽ മോഷണ കേസിൽ വിചാരണക്കോടതിയിൽ നിന്നും ഹൈക്കോടതി റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് കേസ് റദ്ധാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ഹർജി നൽകിയത്. 2006 ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ അനന്തമായി നീളുന്നത് ഗൗരവകരമാണെന്ന് ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹർജിയിൽ സിംഗിൾ ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്മാന്‍ കേസില്‍ നിയമപ്രകാരമുള്ള നടപടികള്‍ ഉണ്ടായതായി പരിശോധിക്കുമ്പോള്‍ കാണുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. ഇത്തരമൊരു പശ്ചാത്തലത്തില്‍ കേസിലെ തുടര്‍നടപടികള്‍ ഒരുമാസത്തേക്ക് തടയുകയാണെന്ന് കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിചാരണ കോടതിയില്‍ നിന്നും ഹൈക്കോടതി വിളിപ്പിച്ചിട്ടുണ്ട്.

