ഹരിതം സഹകരണം: സംസ്ഥാനതല ഉദ്ഘാടനം അഞ്ചിന്
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തിൽ സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ‘ഹരിതം സഹകരണം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ അഞ്ചിന് സഹകരണം-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. രാവിലെ 11 മണിക്ക് കോട്ടയം ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വ്യാപാരഭവൻ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി 2018ൽ ആരംഭിച്ച തീം ട്രീസ് ഓഫ് കേരളയുടെ ഭാഗമായി ഒരു ലക്ഷം പുളിമര തൈകൾ സഹകരണ സംഘങ്ങളിലൂടെ നട്ടു പരിപാലിക്കുകയാണ് ലക്ഷ്യം. അഞ്ചു വർഷം കൊണ്ട് അഞ്ചു ലക്ഷം ഫലവൃക്ഷ തൈകൾ നട്ടു പരിപാലിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ പ്ലാവ്, കശുമാവ്, തെങ്ങ് എന്നിവയുടെ തൈകൾ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ നട്ടു പരിപാലിക്കുന്നുണ്ട്.
ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൽ പുളിമരത്തിന്റെ തൈകൾ നട്ടു പരിപാലിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അന്തരീക്ഷത്തിലെ നൈട്രജന്റെയും സൾഫറിന്റെയും ഓക്സൈഡുകളെ നിയന്ത്രിക്കുന്നതിന് പുളിമരത്തിന് വലിയ കഴിവുണ്ട്. അതുപോലെതന്നെ ആരോഗ്യ പരിപാലനത്തിനും സഹായകമാകുന്ന ഒട്ടേറെ ഘടകങ്ങൾ പുളിയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് ഈ വർഷം പുളിമരത്തെ തെരെഞ്ഞെടുത്തത്.
സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതം പറയുന്ന ചടങ്ങിൽ സഹകരണ സംഘം രജിസ്ട്രാർ പിബി നൂഹ് പരിസ്ഥിതി ദിന സന്ദേശം നൽകും. ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ്ജ്, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർ എന്നിവർ പങ്കെടുക്കും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന പരിപാടി യൂട്യൂബ്, ഫേസ്ബുക്ക് എന്നിവ വഴി തത്സമയം സംപ്രേഷണം ചെയ്യും. ഇതിനോടനുബന്ധിച്ച് ജില്ലാ, സർക്കിൾ, സംഘം തലത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരിസ്ഥിതി ദിനാഘോഷം നടക്കും.
ലോക പരിസ്ഥിതി ദിനം: ‘തണൽ വഴി’ ഹരിത പ്രവർത്തനത്തിന് തുടക്കമിടും
കേരള ലക്ഷദ്വീപ് നാഷണൽ സർവീസ് സ്‌കീം റീജിയണൽ ഡയറക്ടറായിരുന്ന അകാലത്തിൽ വിട വാങ്ങിയ ജി.പി സജിത്ത് ബാബുവിന്റെ സ്മരണാർത്ഥം ലോക പരിസ്ഥിതി ദിനത്തിൽ സംസ്ഥാനത്തെ വി.എച്ച്.എസ് സ്‌കൂൾ യൂണിറ്റുകളിലെ മുപ്പതിനായിരം വോളണ്ടിയർമാർ വീട്ടു പരിസരത്തെ പൊതു ഇടത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ച് ‘തണൽ വഴി’ ഹരിത പ്രവർത്തന പ്രചരണത്തിനു തുടക്കം കുറിക്കും.
സംസ്ഥാനതല ഉത്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ജൂൺ 5 രാവിലെ 10.30 ന് തിരുവനന്തപുരം കരകുളം ഗവ. വി.എച്ച്.എസ് സ്‌കൂളിൽ വൃക്ഷത്തൈ നട്ട് നിർവഹിക്കും. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ മുഖ്യാതിഥിയായിരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ. ചടങ്ങിന് നേതൃത്വം നൽകും.
സംസ്ഥാനത്തെ മുഴുവൻ വി.എച്ച്.എസ്.ഇ എൻ.എസ്.എസ് യൂണിറ്റുകളിലെ വിദ്യാർത്ഥി വോളണ്ടിയർമാർ തൈ നടുകയും, ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവ് അന്തരിച്ച സുന്ദർലാൽ ബഹുഗുണയുടെ അനുസ്മരണാർത്ഥം ഓൺലൈൻ പരിസ്ഥിതി സെമിനാറുകൾ അധ്യാപകരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയും ചെയ്യും.
ഫൈൻ ആർട്സ് കോളേജിൽ താത്കാലിക ലക്ചറർ നിയമനം
തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ അപ്ലൈഡ് ആർട്ട് വിഭാഗത്തിൽ താത്കാലിക/ദിവസവേതന അടിസ്ഥാനത്തിൽ മൂന്ന് ലക്ചറർ തസ്തികയിലേക്കും പെയിൻറിംഗ് വിഭാഗത്തിൽ ഒരു ഗ്രാഫിക്സ് (പ്രിൻറ് മേക്കിംഗ്) ലക്ചറർ, ഒരു പെയിൻറിംഗ് ലക്ചറർ തസ്തികയിലേക്കും തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ 15ന് രാവിലെ 10.30ന് കോളേജിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും. കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജനനതീയതി എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ 15ന് രാവിലെ 10 ന് ഹാജരാകണം.
ഓൺലൈനായി കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ 14ന് രാവിലെ 11ന് മുമ്പ് മുൻകൂറായി പ്രിൻസിപ്പലിനെ അറിയിക്കണം.
അപ്ലൈഡ് ആർട്ട് ലക്ചറർക്ക് ബി.എഫ്.എ (അപ്ലൈഡ് ആർട്ട്)ന് 50 ശതമാനത്തിന് മുകളിൽ മാർക്കാണ് വിദ്യാഭ്യാസ യോഗ്യത.
ഗ്രാഫിക്സ് (പ്രിൻറ് മേക്കിംഗ്) ലക്ചറർക്ക് എം.വി.എ/എം.എഫ്.എ ഗ്രാഫിക്സ് (പ്രിന്റ് മേക്കിംഗ്) യോഗ്യതയും പെയിന്റിംഗ് ലക്ചറർക്ക് ബി.എഫ്.എ/എം.എഫ്.എ പെയിന്റിംഗ് യോഗ്യതയും വേണം.
ഡെപ്യൂട്ടേഷൻ ഒഴിവ്
തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് ഏജൻസി കേരളയിൽ (ചിയാക്) അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂൺ 11. വിശദ വിവരങ്ങളടങ്ങിയ അപേക്ഷകൾ വകുപ്പ് മേധാവിയുടെ സമ്മതപത്രം സഹിതം എക്‌സിക്യൂട്ടീവ് ഡയറക്ടർ, ചിയാക്, ഏഴാംനില, ട്രാൻസ് ടവേഴ്‌സ്, വഴുതക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ സമർപ്പിക്കണം.
ലോകായുക്തയിൽ ഡെപ്യൂട്ടേഷൻ
കേരള ലോകായുക്തയിൽ അസിസ്റ്റന്റ് (26500-56700), ഡാറ്റ എൻട്രി ഓപ്പറേറ്റർ (22200-48000), ഡൂപ്ലിക്കേറ്റർ ഓപ്പറേറ്റർ (17500-39500) തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
നിശ്ചിത ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ പാർട്ട്-1, ബയോഡേറ്റ സഹിതം മേലാധികാരി മുഖേന അപേക്ഷകൾ ജൂൺ 30ന് മുൻപ് രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ ലഭിക്കണം.
ഭിന്നശേഷി കമ്മീഷണറേറ്റിൽ ഡെപ്യൂട്ടേഷൻ നിയമനം
ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഡ്രൈവർ, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തും.
സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യപത്രവും കെ.എസ്.ആർ പാർട്ട് ഒന്ന്, റൂൾ 144 പ്രകാരമുള്ള പ്രൊഫോർമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കണം. അപേക്ഷകൾ ജൂൺ 30 വൈകുന്നേരം 5 മണിക്ക് മുൻപ് കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി 9/1023 (1), ഗ്രൗണ്ട് ഫ്‌ളോർ, ശാസ്തമംഗലം, തിരുവനന്തപുരം-695010 എന്ന വിലാസത്തിൽ ലഭിക്കണം (ഫോൺ 0471-2720977).
കായിക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
2021 ലെ അർജുന, ധ്യാൻ ചന്ദ്, രാജീവ് ഗാന്ധി ഖേൽരത്‌ന, രാഷ്ട്രീയഖേൽ പ്രോത്സാഹൻ പുരസ്‌ക്കാർ, ദ്രോണാചാര്യ അവാർഡുകൾക്കായി കേന്ദ്ര യുവജനകാര്യ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. അവാർഡുകൾക്കായുള്ള അപേക്ഷകൾ കേന്ദ്ര യുവജന മന്ത്രാലയത്തിലേക്ക് ശുപാർശ ചെയ്ത് അയക്കുന്നതിന് ജൂൺ 12 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ലഭിക്കണം. അപൂർണ്ണമായതും നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷയുടെ നിർദ്ദിഷ്ട മാതൃകകളും മറ്റ് വിശദ വിവരങ്ങളും www.sportscouncil.kerala.gov.in ൽ ലഭിക്കും. ഫോൺ:0471-2330167.