കൊച്ചി കായലിലേയ്ക്ക് മാലിന്യം തള്ളിയതിന് ഗായകന്‍ എം ജി ശ്രീകുമാറിന് പിഴ വിധിച്ചു. എറണാകുളം മുളവുകാട് പഞ്ചായത്താണ് 25,000 രൂപ പിഴ വിധിച്ചത്. എം ജി ശ്രീകുമാര്‍ പണമടച്ച് പിഴയൊടുക്കിയതായി പഞ്ചായത്തധികൃതര്‍ സ്ഥിരീകരിച്ചു.
എം ജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്നും മാലിന്യം കായലിലേയ്ക്ക് തള്ളുന്നു എന്ന തരത്തില്‍ ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിച്ചിരുന്നു. ഒരു വിനോദസഞ്ചാരിയാണ് മാലിന്യം കായലിലേക്ക് തള്ളുന്ന വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. വിഷയം ശ്രദ്ധയില്‍പ്പെട്ട മന്ത്രി എം ബി രാജേഷ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് വീഡിയോയും ചിത്രീകരിച്ച സ്ഥലവും സമയവും പരിശോധിച്ചാണ് മുളവുകാട് പഞ്ചായത്തധികൃതര്‍ എം ജി ശ്രീകുമാറിന് നോട്ടീസ് നല്‍കിയത്.