കൊലപാതകം, അസ്വാഭാവിക മരണം, ലൈംഗികാതിക്രമം തുടങ്ങിയ കേസുകളിൽ ഡിഎൻഎ പരിശോധന നിർബന്ധമാക്കാൻ തീരുമാനിച്ച് കേരള പോലീസ്. നിലവിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ നിർദേശ പ്രകാരം അത്യാവശ്യമെന്നും തോന്നുന്ന കേസുകളിൽ മാത്രമേ ഡിഎൻഎ ടെസ്റ്റ് നടത്തുന്നുള്ളൂ. ഇത്തരം കേസുകളിൽ ഡിഎൻഎ ടെസ്റ്റിനുള്ള നടപടികൾ എത്രയും വേഗം ആരംഭിക്കാനും സയന്റിഫിക് ഓഫീസർമാരെ സാമ്പിളുകൾ സൂക്ഷിക്കാൻ ഏൽപിക്കാനും അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴോ കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്നോ ഇരകളുടെ വൈദ്യപരിശോധനയ്‌ക്കിടെയോ കണ്ടെടുത്ത സാമ്പിളുകൾ അന്വേഷണ ഉദ്യോഗസ്ഥർ കൈമാറാത്ത സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. “അന്വേഷണ ഉദ്യോഗസ്ഥരിൽ ചിലർ ഡിഎൻഎ ടെസ്റ്റിനു വേണ്ടിയുള്ള സാംപിളുകൾ ഉടനടി കൈമാറുന്നില്ല. ഡിഎൻഐ പരിശോധന നടത്തേണ്ടതിന്റെ സാധ്യതയെക്കുറിച്ച് സയന്റിഫിക് ഓഫീസർമാരുമായി ചർച്ച ചെയ്യുന്നതിലും ചിലർ പരാജയപ്പെടുന്നു. ഇതിന്റെ അനന്തരഫലമായി വിലപ്പെട്ട തെളിവുകൾ പലതും എന്നെന്നേക്കുമായി നഷ്ടപ്പെടും,” ഉത്തരവിൽ കൂട്ടിച്ചേർത്തു.
പിന്നീട് എപ്പോഴെങ്കിലും ഡിഎൻഎ പരിശോധന നടത്തേണ്ടതുണ്ടെന്നു തെളിഞ്ഞാൽ സാമ്പിളുകൾ ലഭിക്കാതെ വരുന്നതോ സാമ്പിളുകൾ കൃത്യമായ അളവിൽ ഇല്ലാത്തതോ ആയ കേസുകളുടെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഉത്തരവിൽ പറയുന്നു. സമയബന്ധിതമായി ഡിഎൻഎ പരിശോധന നടത്തുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ട കേസുകളുണ്ടെന്നും അനിൽ കാന്ത് ചൂണ്ടിക്കാട്ടി. അടുത്തിടെ, നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട, ഒൻപതു വർഷം പഴക്കമുള്ള കൊലപാതകക്കേസ് ഇതിന് ഉദാഹരണമാണ്. ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഡിഎൻഎ ടെസ്റ്റ് നടത്താൻ പ്രോസിക്യൂഷന് തിരുവനന്തപുരം കോടതി അനുമതി നൽകിയിരുന്നു. എന്നാൽ വിചാരണയ്ക്കു മുൻ പ്രോസിക്യൂട്ടർ കേസ് പരിശോധിച്ചപ്പോൾ, പോലീസ് ഇതിനാവശ്യമായ പരിശോധന നടത്തിയിട്ടില്ലെന്ന കാര്യം വ്യക്തമാകുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ, ഡിഎൻഎ ടെസ്റ്റ് നടത്തി 24 കാരനെ കോടതി വെറുതെ വിട്ട വാർത്ത ഈ വർഷമാദ്യം പുറത്തു വന്നിരുന്നു. പെൺകുട്ടിയുടെ കുഞ്ഞിന്റെ പിതാവ് ആരോപണ വിധേയനായ യുവാവല്ലെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് യുവാവിനെ പോക്‌സോ കോടതി വെറുതെ വിട്ടത്. 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി ഗർഭിണിയായി ഏഴ് മാസത്തിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.
ബലാത്സംഗം നടന്നതിനെക്കുറിച്ച് പരാതിപ്പെടാൻ എടുത്ത കാലതാമസവും ഡിഎൻഎ റിപ്പോർട്ടും കണക്കിലെടുക്കുമ്പോൾ പ്രതിയെ കേസിൽ കുടുക്കിയതായാകാനുള്ള സാധ്യത തള്ളാനാകില്ലെന്ന് പോക്സോ കോടതി നിരീക്ഷിച്ചു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് പ്രതിയെ വെറുതെ വിടുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു. പെൺകുട്ടി ഗർഭിണിയാണെന്ന സംശയത്തെ തുടർന്ന് മാതാവാണ് പൊലീസിൽ പരാതി നൽകിയത്. തുടർച്ചയായ ചോദ്യം ചെയ്യലിൽ പെൺകുട്ടി ഈ യുവാവിന്റെ പേര് പറയുകയായിരുന്നു.