കുന്ദമംഗലം കോടതി നൂറാം വാര്‍ഷികത്തിന്റെ നിറവില്‍

0
321

ചരിത്രമുറങ്ങുന്ന കുന്ദമംഗലത്തിന്റെ മണ്ണില്‍ ചരിത്രത്തിന്റെ അടയാളമായി നില്‍ക്കുന്ന കുന്ദമംഗലം കോടതി നൂറാം വാര്‍ഷികത്തിന്റെ നിറവില്‍. 1919 ല്‍ പണിതീര്‍ത്ത കെട്ടിടം 2019 ല്‍ 100 വര്‍ഷം തികയ്ക്കും. ബ്രിട്ടീഷ്‌കാലത്തിന്റെ ചരിത്രം നിലനില്‍ക്കുന്ന കോഴിക്കോടിന്റെ മണ്ണില്‍ ഇത്രയും കാലം പഴക്കമുള്ള കെട്ടിടങ്ങള്‍ ഏറെ വിരളമാണ്. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പല കെട്ടിടങ്ങളും വിസ്മൃതിയിലാണ്ടപ്പോള്‍ പുതു തലമുറയ്ക്ക് പഠിക്കാനും ഓര്‍ക്കാനുമുള്ള ഏക അവശേഷിപ്പാണ് 100 വര്‍ഷം പഴക്കമുള്ള ഈ കെട്ടിടം.

1919 ല്‍ നിര്‍മിച്ച ഈ കെട്ടിടം അന്ന് ബ്രിട്ടീഷുകാരുടെ ഭക്ഷ്യസംഭരണ കേന്ദ്രമായിട്ടാണ് ഉപയോഗിച്ചത് എന്നാണ് പറയപ്പെടുന്നത്. പിന്നീട് കെട്ടിടം തഹസില്‍ദാരുടെ ഓഫീസാക്കി. അതിന് ശേഷം ബ്രിട്ടീഷുകാര്‍ പാട്ടവ്യവസ്ഥ കരാറുകളെല്ലാം തീര്‍പ്പാക്കുന്ന ഒരു കോടതിയായെന്നും അന്ന് മലാക്കുഴിയില്‍ അബൂബക്കര്‍ എന്ന ഒരാള്‍പാട്ട വ്യവ്സ്ഥ പാലിക്കാതെ വന്നപ്പോള്‍ പിഴ ചുമത്തിയതും എല്ലാം പഴമക്കാര്‍ ഓര്‍ക്കുന്നു. അതിനെല്ലാം ശേഷമാണ് 1967 ല്‍ പൗരപ്രമുഖനും പഞ്ചായത്ത് പ്രസിഡന്റുമെല്ലാം ആയിരുന്ന വി.കെ കുട്ടികൃഷ്ണന്‍ നായരുള്‍പ്പെടെ ഒരുപാട് പേരുടെ ശ്രമഫലമായാണ് കുന്ദമംഗലത്തേക്ക് കോടതി വരുന്നത്. അന്ന് എംഎല്‍എ റോഡിലെ കണാരന്‍ എന്നയാളുടെ ഹോട്ടലില്‍ നിന്നായിരുന്നു കോടതിക്കായി മേശ നല്‍കിയത്. ഇന്നും കോടതിയില്‍ ആ മേശയാണ് ഉപയോഗിക്കുന്നത് എന്നതാണ് ഏറെ കൗതുകകരമായ കാര്യം. എന്നാല്‍ ഇതെല്ലാം ഓര്‍മകള്‍ മാത്രമാണ്. കോടതി കെട്ടിടത്തിന്റെ എഴുതപ്പെട്ട രേഖകളോ ചരിത്രമോ പുതുതലമുറയ്ക്ക് മനസ്സിലാക്കാനായി ഇതുവരെ ഇല്ല.

കോടതിയുടെ നൂറാം വാര്‍ഷികം ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയായാണ് ആഷോഘിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബാര്‍ അസ്സോസിയേഷനും കോടതിയം സംയുക്തമായാണ് ആഘോഷം നടത്തുന്നത്. ഡിസംബര്‍ 24 ന് ഹൈക്കോതി ജഡ്ജ് എംഎം ഷഫീഖ് ഉദ്ഘാടനം ചെയ്യുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. വിവധ സെമിനാറുകള്‍, നിയമ ബോധവല്‍്കരണ ക്ലാസുകല്‍, അദാലത്തുകള്‍, തുടങ്ങിയവ നടക്കും.

നിലവിലെ കോടതി ബില്‍ഡിങ്ങില്‍ കുന്ദമംഗലം പോലീസ് സ്‌റ്റേഷനും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പോലീസ് സ്‌റ്റേഷന്‍ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ കോടതികെട്ടിടത്തിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ട് നവീകരിക്കാന്‍ പദ്ധതിയുണ്ട്. ഇതിനായി രൂപരേഖ സമര്‍പ്പിച്ചിട്ടുണ്ട്. 100 ാം വാര്‍ഷികത്തിന്റെ ഭാഗമായി നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും നടക്കും.

നാളെ നടക്കുന്ന സ്വാഗതസംഘ രൂപീകരണത്തില്‍ എംഎല്‍എ പിടിഎ റഹീം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍, കുന്ദമംഗലം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നിസാം, പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവ്, ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എം മുസ്തഫ, സെക്രട്ടറി അരുണ്‍, ട്രഷറര്‍ ജുനൈദ്, മറ്റ് വക്കീലന്‍മാര്‍, കോടതി ജീവനക്കാര്‍, ക്ലര്‍്ക്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here