തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങള്‍ പാര്‍ട്ടിയും സര്‍ക്കാരും ഗൗരവമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആവശ്യമായ രീതിയിലുള്ള ഗൗരവത്തോടുകൂടിത്തന്നെ, എല്ലാ വശങ്ങളും പരിശോധിച്ച് ആവശ്യമായ എല്ലാ നിലപാടുകളും സ്വീകരിക്കുമെന്ന് ഗോവിന്ദന്‍ വ്യക്തമാക്കി. എഡിജിപി എം ആര്‍ അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണെന്നും, സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും, മുമ്പ് കസ്റ്റംസില്‍ ജോലി ചെയ്തിരുന്ന എസ് പി സുജിത് ദാസുമായി ചേര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയിരുന്നതെന്നുമാണ് അന്‍വര്‍ ആരോപിച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി പരാജയമാണെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.