മാവൂർ: ‘സംഘപരിവാർ ഭീകരതക്കെതിരെ യുവതയുടെ ചെറുത്തുനിൽപ്പ് ‘ എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവൂരിൽ പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു. പരിപാടി വെൽഫയർ പാർട്ടി ജില്ലാ സെക്രട്ടറി അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. സംഘ്പരിവാറിന്റെ വംശീയ ഉന്മൂലന രാഷ്ട്രീയം മറകൾ ഭേദിച്ച് തനിനിറം കാണിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്.
ഹിന്ദുത്വ ഫാഷിസത്തിന്റെ അടയാളമായി ‘ജയ് ശ്രീറാം’ നിർബന്ധിച്ചു വിളിപ്പിക്കുകയും മർദിക്കുകയും തീ കൊളുത്തി കൊലപ്പെടുത്തുകയും ചെയ്യുന്നു. പാർലമെന്റിനകത്തും പുറത്തും അപരവൽകരണത്തിന്റെയും ഉന്മൂലനത്തിന്റെയും മുദ്രാവാക്യവുമായി ജയ് ശ്രീറാമിനെ സംഘ്പരിവാർ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വംശീയതയുടെയും ഈ ദുശ്ശക്തികൾക്കെതിരായ ചെറുത്തുനിൽപ്പുകൾക്ക് നാം ശക്തി കൂട്ടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ലാ സെക്രട്ടറി മുസ്‌ലിഹ് പെരിങ്ങൊളം അധ്യക്ഷത വഹിച്ചു.
സഘപരിവാർ ഭീകരതക്കെതിരെ ശബ്ദിക്കണമെന്നും, മൗനങ്ങളെ ഭേദിച്ച് വിദ്യാർത്ഥി യുവജനങ്ങൾ തെരുവിൽ പ്രതിഷേധ ശബ്ദങ്ങൾ മുഴക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫ്രറ്റേണിറ്റി മണ്ഡലം അസി. കൺവീനർ നൂറുദ്ദീൻ ചെറൂപ്പ സ്വാഗതവും മണ്ഡലം കമ്മിറ്റി അംഗം ഇൻസാഫ് പതിമംഗലം സമാപനവും നിർവഹിച്ചു.