നയതന്ത്ര ചർച്ചക്ക് ഇറാൻ വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി അബാസ് അരഗ്ചി. എന്നാൽ യുഎസ് ഭീഷണി മുഴക്കൽ അവസാനിപ്പിക്കണമെന്നും അരഗ്ചി. തുർക്കി, ഖത്തർ, സൗദി അറേബ്യ, ഈജിപ്ത്, ഇറാഖ്, അസർബൈജാൻ ഭരണ നേതൃത്വവുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് അരഗ്ചി ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് പ്രകോപനം അവസാനിപ്പിക്കണം. പ്രതിരോധിക്കാൻ ഇറാന്റെ സായുധ സേന പൂർണ സജ്ജമെന്നും അരഗ്ചി.
അതേസമയം ഇറാന് ഹോർമുസ് കടക്കാൻ ടോൾ നൽകുന്ന ഷിപ്പിങ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് ട്രഷറി മുന്നറിയിപ്പ് നൽകി. ചാരിറ്റിയുടെ മറവിൽ സംഭാവനയായി ടോൾ തുക കൊടുക്കരുതെന്നും യുഎസ് ട്രഷറി വകുപ്പിന്റെ മുന്നറിയിപ്പ്. ഇറാനെതിരെ ആക്രമണം നടത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മേഖലയിലെ യുഎസ് നാവികസേനയും തയാറെടുപ്പുകൾ ആരംഭിച്ചു. ഡോണൾഡ് ട്രംപിന്റെ പ്രതികരണത്തിന് പിന്നാലെ ഹോർമുസ് സംഘർഷം അവസാനിപ്പിക്കാൻ പുതിയ നിർദേശം മുന്നോട്ട് വച്ച് ഇറാൻ. മധ്യസ്ഥരായ പാകിസ്താൻ വഴി പുതിയ നിർദേശമാണ് അമേരിക്കക്ക് സമർപ്പിച്ചത്. പുതിയ നിർദേശങ്ങളുടെ വിശദാംശങ്ങൾ വ്യക്തമല്ല.
അതിനിടെ ഇറ്റലിയിൽ നിന്നും സ്പെയിനിൽ നിന്നും സൈന്യത്തെ പിൻവലിക്കുമെന്ന ഭീഷണിയുമായി ട്രംപ് രംഗത്തെത്തി. നേരത്തെ ജർമ്മനിയിൽ വിന്യസിച്ച യുഎസ് സൈനികരുടെ എണ്ണം കുറയ്ക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. യുദ്ധം പുനരാരംഭിക്കേണ്ടി വന്നേക്കുമെന്ന് ട്രംപ് പറഞ്ഞതിനു പിന്നാലെ, തുടർ നടപടികൾ സ്വീകരിക്കേണ്ടി വന്നേക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാട്‌സും ആവർത്തിച്ചത് പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിയിട്ടുണ്ട്.

