വിഴിഞ്ഞത്തെ ഹിന്ദു ഐക്യവേദി മാര്‍ച്ചിനെതിരെ കേസ്. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്.പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനും അനധികൃതമായി സംഘം ചേർന്നതിനുമാണ് വിഴിഞ്ഞം പൊലീസ് കേസ് എടുത്തിരിക്കുന്നത്. ശശികലക്ക് പുറമെ പരിപാടിയിൽ പങ്കെടുത്ത കണ്ടാൽ അറിയാവുന്ന 700 പേർക്ക് എതിരെയും കേസ് ഉണ്ട്. കഴിഞ്ഞ ദിവസമായിരുന്നു പൊലീസ് വിലക്ക് ലംഘിച്ച് ഹിന്ദു ഐക്യവേദി മാര്‍ച്ച് നടത്തിയത്. തുറമുഖം യാഥാര്‍ത്ഥ്യമാക്കുക, ഹൈക്കോടതി വിധി നടപ്പാക്കുക, വിഴിഞ്ഞം സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രകടനം.
പൊലീസ് വിലക്ക് ലംഘിച്ച് ഹിന്ദു ഐക്യവേദി കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. മുക്കോല ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് മുല്ലൂരില്‍ വെച്ചാണ് പൊലീസ് തടഞ്ഞത്.
ഹിന്ദുസമൂഹത്തിന് ഹിന്ദു ഐക്യവേദി പൂർണ്ണ സംരക്ഷണം നൽകുമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിച്ച സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല പറഞ്ഞു. ഭാരതത്തിന്റെ സ്വപ്നമാണ് വിഴിഞ്ഞം തുറമുഖമെന്നും ഇത് യാദാർഥ്യമാകണമെന്നും പോർട്ട് വരണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിനെതിരെ കേസെടുക്കുന്ന പൊലീസ് സ്റ്റേഷൻ കത്തിക്കുമെന്ന പറഞ്ഞ പാതിരിയെ ‘നട്ടപാതിരയ്ക്ക് പോകാതെ നട്ടുച്ചയ്ക്കെങ്കിലും പോയി ഒന്ന് അറസ്റ്റ് ചെയ്യാമോ എന്നും ശശികല ചോദിച്ചു. ശനിയാഴ്ച ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റ അഭിലാഷിനെയും ശശികല സന്ദർശിച്ചു.അതേസമയം വിഴിഞ്ഞം സമരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. വിഴിഞ്ഞം സംഘര്‍ഷം വ്യക്തമായ ഗൂഢോദ്ദേശത്തോടെ നാടിന്റെ സമാധാനം തകര്‍ക്കാനാണ് ശ്രമം നടക്കുന്നത്. ഭീഷണിയും വ്യാപക ആക്രമണവും നടക്കുന്നു. അക്രമികള്‍ എന്താണ് ലക്ഷ്യമിട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

