ദില്ലി: തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട കേസിൽ നിന്ന് സംസ്ഥാനത്തെ നാല് കോർപറേഷനുകളെ സുപ്രീം കോടതി ഒഴിവാക്കി. കൊച്ചി, തൃശൂർ, കൊല്ലം, കോഴിക്കോട് എന്നീ കോർപറേഷനുകളെയാണ് കേസിലെ കക്ഷികളുടെ പട്ടികയിൽ നിന്ന് സുപ്രീം കോടതി ഒഴിവാക്കിയത്. ഇതിന് പുറമെ ചില ജില്ലാ പഞ്ചായത്തുകളെയും ഗ്രാമ പഞ്ചായത്തുകളെയും കേസിൽ നിന്ന് സുപ്രീം കോടതി ഒഴിവാക്കിയിട്ടുണ്ട്. കേരളം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. തെരുവുനായ കേസിൽ കേരളത്തിലെ ആറ് കോർപറേഷനുകളും സംസ്ഥാനം നൽകിയ ഹർജികളിൽ എതിർകക്ഷി ആയിരുന്നു. എന്നാൽ കണ്ണൂർ, തിരുവനന്തപുരം കോർപറേഷനുകൾ മാത്രമാണ് കേസിൽ അഭിഭാഷകരെ കോടതിയിൽ ഹാജരാകാൻ ചുമതലപ്പെടുത്തിയത്. മറ്റ് നാല് കോർപറേഷനുകൾക്കും നോട്ടീസ് കൈമാറിയിട്ടും അവരുടെ ഭാഗത്തുനിന്ന് തുടർ നടപടികൾ ഉണ്ടാകുന്നില്ലെന്ന് സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശി സുപ്രീം കോടതിയെ അറിയിച്ചു.വിവിധ കേസുകളിലെ കക്ഷികൾക്ക് ഡിസംബർ 15-ന് മുമ്പ് രേഖകൾ കൈമാറിയ ശേഷം നടപടി ക്രമങ്ങൾ പൂർത്തിയാക്കണമെന്ന് കോടതി നിർദേശിച്ചു. അല്ലാത്ത പക്ഷം ആ ഹർജികൾ ഒഴികെയുള്ളവയിൽ വാദം കേൾക്കൽ ആരംഭിക്കുമെന്നും കോടതി വ്യക്തമാക്കി. ജനുവരി പത്തിനാണ് ഹർജികൾ ഇനി സുപ്രീം കോടതി പരിഗണിക്കുക.സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിങ് കോൺസൽ സി.കെ. ശശിയാണ് സുപ്രീം കോടതിയിൽ ഹാജരായത്. കണ്ണൂർ ജില്ലാ പഞ്ചായത്തത്തിന് വേണ്ടി സീനിയർ അഭിഭാഷകൻ പി.വി. സുരേന്ദ്ര നാഥ്, അഭിഭാഷകരായ കെ.ആർ. സുഭാഷ് ചന്ദ്രൻ, ബിജു പി. രാമൻ എന്നിവർ ഹാജരായി. തിരുവനന്തപുരം കോർപറേഷന് വേണ്ടി എം.ആർ. രമേശ് ബാബുവും ഹാജരായി.
തെരുവുനായ കേസ്:കേരളത്തിലെ നാല് കോർപറേഷനുകളെ സുപ്രീംകോടതി ഒഴിവാക്കി

