മുഖ്യമന്ത്രി വി ഡി സതീശന്റെ അനുയായികൾ പ്രതിയായ എംഡിഎംഎ കേസ് അട്ടിമറിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി ഡിവൈഎഫ്ഐ.
തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്കും കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്കും ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധ മാർച്ചിനിടെ പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർക്കു നേരെ പൊലീസ് തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചു.
കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിന് 100 മീറ്റർ അകലെ വച്ച് ബാരിക്കേഡ് തീർത്ത് പ്രതിഷേധമാർച്ച് തടയുകയാണ് പൊലീസ്. വൻ പൊലീസ് സന്നാഹത്തെയാണ് ഇരുസ്ഥലങ്ങളിലും വിന്യസിച്ചിരിക്കുന്നത്. പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധത്തിനു നേരെയും പൊലീസ് തുടര്‍ച്ചയായി ജലപീരങ്കി പ്രയോഗിച്ചു.
പ്രതികളുടെ ഉന്നത ബന്ധങ്ങളിലേക്ക് അന്വേഷണം നടക്കുന്നില്ലെന്നും അന്വേഷണം അട്ടിമറിക്കുകയാണെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. പ്രതികളുടെ സാമ്പത്തിക ബന്ധങ്ങളിലടക്കം അന്വേഷണമുണ്ടായിട്ടില്ല. ഏഴുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
എന്നാൽ ഇതിനപ്പുറത്തേക്ക് കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ല. വി ഡി സതീശന്റെ അനുയായികൾ ഉൾപ്പെട്ട കേസായതിനാൽ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ശക്തമായി പ്രതിഷേധം തുടരുമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

