യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട മലയായ് നേഴ്സ് നിമിഷപ്രിയയുടെ ശബ്ദ സന്ദേശം പുറത്ത്. കോടതി നടപടികളും ഒത്തുതീർപ്പ് ശ്രമങ്ങൾ പുരോഗമിക്കുന്നതായും ഇതിനാവശ്യമായ പണം സ്വരൂപിക്കാൻ ശ്രമിക്കുന്നവർക്ക് നന്ദി ഉണ്ടെന്നും നിമിഷ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും ആക്ഷൻ കൗൺസിലിനും നന്ദി അറിയിക്കുന്നുവെന്നും നിമിഷപ്രിയ പറഞ്ഞു.
യമൻ തലസ്ഥാനമായ സനായിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രയക്ക്, കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകിയാൽ ശിക്ഷ ഇളവ് ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചർച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യമൻ റിയാൽ (ഏകദേശം 1.5 കോടി രൂപ) ദയാധനം (നഷ്ടപരിഹാരത്തുക) നൽകേണ്ടി വരുമെന്നും യമൻ ജയിലധികൃതർ നേരത്തെ അറിയിച്ചിരുന്നു.
എന്നാൽ ദയാധനം നല്കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ എങ്ങും എത്തിയിട്ടില്ല. നടപടി വേഗത്തിലാക്കാൻ യമൻ ക്രിമിനൽ പ്രോസിക്യൂഷൻ മേധാവി നിർദേശം നൽകിയിരുന്നു. കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബത്തിന്റെ ഇടപെടലാണ് പ്രോസിക്യൂഷന് നടപടിക്ക് കാരണമായത്.

