ദില്ലി:കോൺഗ്രസ് വക്താവ് പവൻ ഖേരയുടെ മോദി വിരുദ്ധ പരാമർശത്തിൽ അസം പോലീസ് നിയമ നടപടി തുടരും എന്ന് സൂചിപ്പിച്ചു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ .രാഷ്ട്രീയത്തിൽ ആരും സംസ്കാരമില്ലാത്ത ഭാഷ ഉപയോഗിക്കരുത്. പവൻ ഖേര കോടതിയിൽ മാപ്പ് പറഞ്ഞതിൻ്റെ രേഖകൾ സഹിതമാണ് ഹിമന്തയുടെ ട്വീറ്റ്.
പ്ളീനറി സമ്മേളനത്തിന് പുറപ്പെട്ട കോൺഗ്രസ് നേതാവ് പവൻഖേരയെ ഇന്നലെ നാടകീയമായി ദില്ലി വിമാനത്താവളത്തിലാണ് അറസ്റ്റ് ചെയ്ത് .വിഷയത്തിൽ അടിയന്തരമായി ഇടപെട്ട സുപ്രീംകോടതി പവൻ ഖേരയ്ക്ക് ഇടക്കാല ജാമ്യം നൽകുകയായിരുന്നു. ലഗേജിൽ പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യം ഖേരയെ പുറത്തിറത്തിയത്. പിന്നീട് ഖേരയെ കസ്റ്റഡിയിലെടുക്കണമെന്ന് അസം പൊലീസും ദില്ലി പൊലീസും അറിയിച്ചു. വിമാനത്തിൽ ഉണ്ടായിരുന്ന കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ നീക്കത്തിനെതിരെ കുത്തിയിരുന്ന് പ്രതിഷേധിച്ചത് അസാധാരണ കാഴ്ചകൾക്കിടയാക്കി.
പൊലീസിൻറേത് അസാധാരണ നടപടിയെന്ന് വാദിച്ച കോൺഗ്രസ് പവൻഖേരക്കുണ്ടായത് നാക്ക് പിഴയാണെന്നും സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ഖേര മനപൂർവം പ്രധാനമന്ത്രിയെ അവഹേളിക്കുകയായിരുന്നെന്നാണ് പൊലീസ് വാദിച്ചത്. എന്നാൽ ചുമത്തിയ കുറ്റങ്ങളുടെയത്ര ഗൗരവം പരാമർശങ്ങൾക്കില്ലെന്ന് കണ്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചത് പൊലീസിന് തിരിച്ചടിയായി. പ്ലീനറി തുടങ്ങതിന് മുൻപ് നടന്ന് ഇഡി റെയ്ഡും ഇപ്പോഴത്തെ അറസ്റ്റും സമ്മേളനം കലക്കാനുള്ള ബിജെപി ഗൂഢാലോചനയെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

