കോഴിക്കോട്: നാഷണൽ ആശുപത്രിയിൽ കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർ കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഡോ. ബെഹിർഷാൻ ചികിത്സാപിഴവ് സമ്മതിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇടത് കാലിൽ ശസ്ത്രക്രിയ നടത്താൻ ആണ് താൻ മുന്നൊരുക്കം നടത്തിയെന്ന് ഡോക്ടർ പറയുന്നത് ദൃശ്യങ്ങളിൽ കാണാം. രോഗിയുടെ ബന്ധുക്കൾ നാഷണൽ ആശുപത്രി മാനേജ്‌മെന്റുമായി നടത്തിയ ചർച്ചയിലെ തുറന്നുപറച്ചിലാണ് പുറത്തുവന്നത്.
ഡോക്ടറുടെ പിഴവ് മറയ്ക്കാൻ ചികിത്സാ രേഖകൾ ആശുപത്രി മാനേജ്‌മെന്റ് തിരുത്തിയെന്ന പരാതി കുടുംബം ആവർത്തിക്കുന്നുണ്ട്. നാഷണൽ ആശുപത്രിയിൽ നിന്നും നിർബന്ധപൂർവ്വം ഡിസ്ചാർജ്ജ് വാങ്ങി തുടർചികിത്സയ്ക്കായി സജ്‌നയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ബന്ധുക്കൾ മാറ്റിയിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് ശസ്ത്രക്രിയ വേണ്ടത് ഇടത് കാലിന് തന്നെയാണെന്ന് വ്യക്തമായതെന്നും മകൾ പറഞ്ഞു. സംഭവത്തിൽ കോഴിക്കോട്ടെ നാഷണൽ ആശുപത്രിക്കെതിരായ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ഓർത്തോ വിഭാഗം മേധാവി ഡോ. പി ബഹിർഷാനെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ചികിത്സയിൽ അശ്രദ്ധ കാണിച്ചതിന് ഐപിസി 336-ാം വകുപ്പാണ് ഡോക്ടർക്കുമേൽ ചുമത്തിയിരിക്കുന്നത്. തുടർ അന്വേഷണത്തിൽ മറ്റ് വകുപ്പുകൾ ചേർക്കുമെന്നും പൊലീസ് അറിയിച്ചു.
കക്കോടി സ്വദേശിനിയായ സജ്ന (60)യാണ് ഗുരുതര അനാസ്ഥയ്ക്ക് ഇരയായത്. വാതിലിന് ഉള്ളിൽ കുടുങ്ങി കാലിന്റെ ഞരമ്പിന് തകരാർ സംഭവിച്ചതിനെ തുടർന്നാണ് സജ്ന ആശുപത്രിയിൽ ചികിത്സ തേടിയത്. ഏറെ കാലത്തെ ചികിത്സയ്ക്കു ശേഷമാണ് ഡോ. ബഹിർഷാൻ സജ്നയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്കായി രോമം നീക്കി വൃത്തിയാക്കിയ ഇടതുകാലിന് പകരം രോമം കളയാത്ത വലതു കാലിനാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് മയക്കം വിട്ടപ്പോൾ കാൽ അനക്കാൻ പറ്റാതായതോടെയാണ് ഇടതു കാലിന് പകരം വലതു കാലിനാണ് ശസ്ത്രക്രിയ നടത്തിയതെന്ന് തിരിച്ചറിയുന്നത്.

