തൻ്റെ പ്രസംഗമെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകൾ എഡിറ്റ് ചെയ്തവയാണെന്ന് സുരേഷ് ഗോപി. നിരീശ്വരവാദികളോടോ അവിശ്വാസികളോടോ അനാദരവില്ല. ശബരിമലയിൽ വന്ന ശല്യക്കാരെയും തന്റെ മതപരമായ അവകാശത്തിന് എതിരായി നിൽക്കുന്ന എല്ലാ രാഷ്ട്രീയ കക്ഷികളെയും ആണ് ഉദ്ദേശിച്ചത്. രാഷ്ട്രീയത്തിന്റെ പേരിലോ മറ്റ് മതങ്ങളുടെ പേരിലോ ആരെങ്കിലും നുഴഞ്ഞ് കയറാൻ ശ്രമിച്ചാൽ അവരുടെ നാശത്തിനായി പ്രാർത്ഥിക്കുമെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിൽ സുരേഷ് ഗോപി പറഞ്ഞു.
“അടുത്തിടെ നടത്തിയ എന്റെ പ്രസംഗത്തിൽ നിന്നുള്ള ഒരു വിഡിയോ ക്ലിപ്പ് പ്രചരിക്കുന്നത് കണ്ടു. എന്നാൽ അത് എഡിറ്റ് ചെയ്തതാണ്. ഈ പ്രശ്‌നത്തെ പറ്റി അറിഞ്ഞയുടൻ പ്രതികരിക്കണമെന്നു തോന്നി. അവിശ്വാസികളുടെയോ നിരീശ്വരവാദികളുടെയോ മൂല്യവത്തും വിവേകപൂർണവുമായ ചിന്തകളെ ഞാൻ അനാദരിക്കുന്നില്ല. ഞാൻ അവരെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്റെ ആശയം വഴിതിരിച്ചുവിടാനുള്ള ചിലരുടെ വിഷലിപ്തമായ ആഗ്രഹം നടത്താൻ ആ പ്രസംഗത്തെ കഷണങ്ങളാക്കി മുറിച്ചു.
ഭരണഘടനാപരമായി അനുവദിക്കപ്പെട്ടിട്ടുള്ള എന്റെ മതത്തിന്റെ ആചാരങ്ങൾ നടത്തുന്നതിന് തടസം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെപ്പറ്റിയാണ് ഞാൻ പറഞ്ഞത്. രാഷ്ട്രീയത്തിന്റെ പേരിലോ മറ്റു മതങ്ങളുടെ പേരിലോ ആരെങ്കിലും നുഴഞ്ഞുകയറാൻ ശ്രമിച്ചാൽ അവരുടെ നാശത്തിനായി ഞാൻ പ്രാർഥിക്കും. ശബരിമലയിൽ വന്ന ശല്യക്കാരെയും എന്റെ മതപരമായ അവകാശത്തിന് എതിരായി വന്ന എല്ലാ രാഷ്ട്രീയ ശക്തികളെയുമാണ് ഞാൻ ഉദ്ദേശിച്ചത്. അതു മാത്രമായിരുന്നു എന്റെ ഉദ്ദേശവും ഉള്ളടക്കവും. രാഷ്ട്രീയ നേട്ടങ്ങൾക്കായി, തന്റെ രാഷ്ട്രീയം പ്രദർശിപ്പിക്കാൻ ഒരാളെയും അനുവദിക്കരുത്, ഞാൻ അതിനെ പൂർണ്ണമായും എതിർക്കുന്നു. എന്റെ ഉദ്ദേശത്തെ ആരും വഴിതിരിച്ചുവിടേണ്ടതില്ല. ഇത് പറയുമ്പോൾ എനിക്ക് അതിൽ രാഷ്ട്രീയ ഉദ്ദേശങ്ങളില്ലായിരുന്നു. അങ്ങനെ ഒരിക്കലും ചെയ്യില്ല.” സുരേഷ് ഗോപി പറഞ്ഞു.
ആലുവ ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് സംസാരിക്കവെ നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് വഴിവച്ചത്. ലോകത്തുള്ള അവിശ്വാസികളോട് ഒട്ടും സ്‌നേഹമില്ലെന്നും അവരുടെ സർവ്വ നാശത്തിനായി ശ്രീകോവിലിന്റെ മുമ്പിൽ നിന്ന് പ്രാർത്ഥിക്കുമെന്നുമായിരുന്നു പ്രചരിച്ച വീഡിയോയിലെ വാക്കുകൾ. തന്റെ മതത്തേയും അതപോലെ മറ്റു മതങ്ങളേയും സ്‌നേഹിക്കുന്നുണ്ട്. ഭക്തിയെ നിന്ദിക്കുന്നവരെ സമാധാനതത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്നും നടനും എംപിയുമായ സുരേഷ് ഗോപി പറഞ്ഞു.

