MOHAMMED ASIF K ( Sub Editor )
കേരളത്തിൽ ജാതീയതയില്ലയെന്ന് ഉറക്കെ പറഞ്ഞു അഭിമാനം കൊള്ളുന്ന മലയാളി ബോധത്തിന് മുമ്പിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു ആദിവാസിക്കൊല കൂടി സംഭവിച്ചിരിക്കുന്നത്. ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലെത്തിയ കൽപ്പറ്റ വെള്ളാരംകുന്ന് കോളനിയിലെ വിശ്വനാഥനെ മോഷണം നടത്തിയെന്നാരോപിച്ച് ആൾക്കൂട്ടം മർദ്ദിക്കുകയും തുടർന്ന് ഓടി രക്ഷപ്പെട്ട അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. വിവാഹം കഴിഞ്ഞ് എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞുണ്ടായതിന്റെ അതിയായ സന്തോഷത്തിലായിരുന്നു വിശ്വനാഥൻ. കുഞ്ഞിനെ ആദ്യം കണ്ട ശേഷം ‘കുട്ടിയെ നോക്കാൻ ഒരു 15 വർഷമെങ്കിലും ആയുസ്സ് എനിക്ക് തരണേ’ എന്നാണ് വിശ്വനാഥൻ പറഞ്ഞതെന്ന് ജ്യേഷ്ഠൻ ഗോപി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള വിശ്വനാഥൻ ആത്മഹത്യ ചെയ്യേണ്ടുന്ന ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല എന്നും ബന്ധുക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.
പിന്നെ ആരാണ് വിശ്വനാഥന്റെ മരണത്തിന് കാരണക്കാർ ? അത് തീർച്ചയായും മലയാളികൾക്കുള്ളിൽ ഇന്നും അവശേഷിക്കുന്ന ജാതീയതയുടെ കറ തന്നെയാണ്. അപ്പുറത്ത് നിൽക്കുന്ന ഒരാളുടെ നിറവും രൂപവും ഭാവവും നോക്കി മുൻവിധികളോടെ മതവും ജാതിയും മനസിലാക്കാൻ ശ്രമിക്കുന്ന സമൂഹത്തിന്റെ മനോഭാവം തന്നെയാണ് വിശ്വനാഥന്റെ കൊലപാതകത്തിനും കാരണമായത്. തൊലി കറുത്തിട്ടാണേൽ അല്ലെങ്കിൽ ഭൂരിപക്ഷത്തിൽ നിന്നും വ്യത്യസ്തമായ മനുഷ്യരെ കാണുമ്പോൾ അവർ തങ്ങളേക്കാൾ താഴെ തട്ടിൽ കിടക്കുന്നവരാണെന്നും, മോഷ്ടാക്കളാണെന്നും, അവരെ ബഹുമാനിക്കേണ്ടെന്നും എന്തിന് അവർ മനുഷ്യത്വപരമായ ഒരു സമീപനവും അർഹിക്കുന്നില്ല എന്നുമുള്ള മലയാളികളുടെ സവർണബോധത്തിൽ നിന്നാണ് അട്ടപ്പാടിയിലെ മധുവും വിശ്വനാഥനുമെല്ലാം ഉടലെടുക്കുന്നത്. സ്വന്തം ജാതിയുടെയും ഗോത്രത്തിന്റെയും പേരിൽ സമൂഹത്തരത്തിന്റെ എല്ലാ തലങ്ങളിൽ നിന്നും ജീവിതത്തിലുടനീളം വേർതിരിവ് അനുഭവിക്കേണ്ടിവരുന്ന എസ് സി എസ് ടി ആദിവാസി മനുഷ്യരുടെ ആത്മാഭിമാനത്തിനും സന്തോഷത്തിനും നമ്മുടെ നാട്ടിൽ ഇന്നും വലിയ പ്രാധാന്യം ഇല്ല എന്നത് ഈ സാക്ഷരകേരളത്തിന്റെ നേർക്കാഴ്ചയാണ്. കഴിഞ്ഞ ദിവസം നൂറു രൂപ കൂലി അധികം ചോദിച്ചതിന്റെ പേരിൽ അക്രമിക്കപ്പെട്ട വയനാട്ടിലെ ബാബു എന്ന ആദിവാസി യുവാവും, ഷോക്കടിച്ചു മരിച്ച ആദിവാസി യുവാവിന്റെ കേസിൽ നടക്കുന്ന അട്ടിമറി ശ്രമവും അതിന് മറ്റു വലിയ ഉദാഹരണമാണ്.
പൊതുവെ താഴ്ന്ന ജാതിയിൽപ്പെട്ട മനുഷ്യർക്ക് വിദ്യാഭ്യാസം ഇല്ല എന്നും അവർ മോഷ്ടിച്ചാണ് വരുമാനം കണ്ടെത്തുന്നത് എന്ന തെറ്റായ ധാരണ ഇന്നും സമൂഹത്തിലുണ്ട്. അതുകൊണ്ടാണ് യാതൊരു തെളിവ് ഇല്ലാതിരുന്നിട്ട് കൂടി നിറത്തിന്റെയും രൂപത്തിന്റെയും ജാതിയുടെയും അളവുകോലിൽ നോക്കി വിശ്വനാഥനെ ഇവിടുത്തെ ആൾകൂട്ടം മോഷ്ടാവായി മുദ്രകുത്തുകയും ആക്രമിക്കുകയും ചെയ്തത്. ആദിവാസികൾ രണ്ടാംതര പൗരന്മാരും ക്രിമിനലുകളും മോഷ്ടാക്കളും മദ്യപാനികളുമാണെന്ന ജാതീയ-വംശീയ ബോധ്യമാണ് ഇതിനു പിന്നിലുള്ളത്. അധികാരവും സമ്പത്തും വിഭവങ്ങളുമില്ലാത്ത ആദിവാസി ജനതയെ എന്തും ചെയ്യാമെന്ന ധാർഷ്ട്യമാണ് ഇതിനു പിന്നിലുള്ളത്. ആദിവാസികളെ പൗരന്മാരായല്ല, അടിമകളായാണ് പൊതുജനം കാണുന്നത്. ഈ കാലഘട്ടത്തിൽ ആദിവാസി വിഭാഗത്തിന് പൂർണ്ണമായ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്നും അതിനെ പ്രയോജനപ്പെടുത്തി ഒരുപാട് കുട്ടികൾ മുഖ്യധാരയിലേക്ക് അഭിമാനത്തോടെ വരുന്നുണ്ടെന്നും ഇത്തരക്കാർ മറന്നുപോകുന്നു.
പഴയിടം മോഹനൻ നമ്പൂതിരി സ്വന്തം തീരുമാനപ്രകാരം സംസ്ഥാന കലോത്സവത്തിലെ അടുക്കള ജോലിയിൽ നിന്നും പിന്മാറിയപ്പോൾ വീട്ടിലെത്തി ആശ്വാസിപ്പിച്ച മന്ത്രിയും അദ്ദേഹത്തോടുള്ള കേരളക്കരയുടെ സിംപതിയും ചൂടുള്ള ചർച്ചകളും ക്രൂരമായി ആൾക്കൂട്ട ആക്രമണത്തിന് ഇരയായി ജീവൻ പൊലിഞ്ഞുപോയ വിശ്വനാഥനിലേക്കും നെഞ്ചുപൊട്ടിക്കരയുന്ന കുടുംബത്തിലേക്കും എത്താത്തതെന്തെന്ന ചോദ്യത്തിനുത്തരമാണ് ഇവിടെ ഇന്നും നിലനിൽക്കുന്ന ജാതീയത. ജാതീയതയുടെ പേരിൽ മറ്റു സംസ്ഥാനങ്ങളിൽ ദളിത് ആദിവാസി മനുഷ്യർ അക്രമിക്കപ്പെടുമ്പോഴും കൊല്ലപ്പെടുമ്പോഴും ആക്രോഷിതരാകുന്ന മലയാളികളും മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും സോഷ്യൽ മീഡിയ പോസ്റ്റുകളും സ്വന്തം നാട്ടിൽ അത്തരത്തിലുള്ളൊരു സംഭവം നടക്കുമ്പോൾ അപ്രത്യക്ഷമാകുന്നതും അതുകൊണ്ടു കൂടിയാണ്. ഈ മനോഭാവം തുടരുന്ന കാലത്തോളം അരികുവൽക്കരിക്കപ്പെട്ട ന്യൂനപക്ഷങ്ങൾക്ക് സമൂഹത്തിൽ നിന്നും നീതി ലഭിക്കുന്നത് ഒരു സ്വപനം മാത്രമായി മാറും.

