കൊച്ചി: പെറ്റ് ഷോപ്പിൽ നിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ച സംഭവത്തിൽ എഞ്ചിനീയറിങ് വിദ്യാർത്ഥികൾ പിടിയിൽ. നിഖിൽ, ശ്രേയ എന്നിവരാണ് അന്വേഷണത്തിൽ പൊലീസിന്റെ പിടിയിലായത്. കർണാടകയിലെ കർക്കലയിൽ നിന്നാണ് പനങ്ങാട് പൊലീസ് വിദ്യാർത്ഥികളെ പിടികൂടിയത്.
കൊച്ചി നെട്ടൂരിലെ പെറ്റ് ഷോപ്പിൽ നിന്ന് 45 ദിവസം പ്രായമുള്ള പട്ടിക്കുട്ടിയെയാണ് ഇവർ മോഷ്ടിച്ചത്. 20,000 രൂപ വിലയുള്ള നായ്ക്കുട്ടിയെ ഹെൽമെറ്റിൽ ഒളിപ്പിച്ചാണ് കടത്തിയത്. നായ്ക്കുട്ടി ശബ്ദമുണ്ടാക്കാതിരുന്നതിനാൽ മോഷണം ആദ്യം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഒഴിഞ്ഞുകിടക്കുന്ന കൂട് കണ്ട് സിസിടിവി പരിശോധിച്ചപ്പോഴാണ് രണ്ട് പേർ നായ്ക്കുട്ടിയെ എടുത്ത് ഹെൽമെറ്റിൽ ഒളിപ്പിച്ചു കടത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്.
കടയുടമകൾ ഉടൻ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ഒരു മണിക്കൂറിനുള്ളിൽ വൈറ്റിലയിലെ ഒരു പെറ്റ്ഷോപ്പിൽ നിന്ന് വിദ്യാർത്ഥികൾ നായ്ക്കുട്ടികൾക്കുള്ള തീറ്റയും മോഷ്ടിച്ചതായി കണ്ടെത്തിയിരുന്നു.

