കോഴിക്കോട്: കാലങ്ങളായുള്ള ലഹരി വസ്തുക്കളുടെ വില്പനയും ഉപയോഗവും കാരണം ജീവിതം പൂർണമായും നശിച്ചു പോയ ഒരുപാട് മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. വ്യത്യസ്ത കാരണങ്ങളാൽ ജീവിതത്തിന്റെ ഏതെങ്കിലും ഒരുഘട്ടത്തിൽ ലഹരിയ്ക്ക് പിന്നാലെ പോയി പിന്നീട് ആ അന്ധകാരത്തിൽ നിന്നും യാഥാർഥ്യത്തിന്റെ ലോകത്തോട്ട് തിരിച്ചു വരാനാകാതെ അകപ്പെട്ടുപോകുന്ന മനുഷ്യർക്കിടയിൽ നിന്നുകൊണ്ട് മജീദ് സ്വയം വെളിച്ചത്തിന്റെ പുതിയ പാത തിരഞ്ഞെടുക്കുമ്പോൾ അത് വലിയ ഒരു പ്രതീക്ഷയാവുകയാണ്.
ലഹരി വില്പനയും മോഷണവും കൊള്ളയുമെല്ലാം മതിയാക്കി കോഴിക്കോട് കോർട്ട് റോഡിൽ ഒരു സ്റ്റേഷനറി കട ആരംഭിച്ചിരിക്കുകയാണ് മജീദ് ഇപ്പോൾ. ഇനി തനിക്ക് പഴ ജീവിതം വേണ്ട എന്നും തന്റെ കടയുമായി ഇനിയുള്ള കാലം മുൻപോട്ട് പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മജീദ് ജനശബ്ദശത്തോട് പറഞ്ഞു. കൂടാതെ ലഹരിവസ്തുക്കളുടെ ഉപയോഗം താൻ ഈ മാസം 15 തൊട്ട് നിർത്തിയെങ്കിലും കഞ്ചാവിന്റെ ഉപയോഗം മുഴുവനായി തനിക്ക് ഉപേക്ഷിക്കാൻ സാധിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്രത്തോളം മജീദ് ലഹരിക്ക് അടിമപ്പെട്ടുപോയിട്ടുണ്ട് എന്ന വാസ്തവത്തിൽ നിന്നും മയക്കുമരുന്നിന്റെ ഉപയോഗം എത്രത്തോളം മനുഷ്യരെ അപകടരമാംവിധം ബാധിക്കുന്നു എന്ന് നാം മനസിലാക്കേണ്ടതുണ്ട്. ആ യാന്ത്രികതയിൽ നിന്നും പുറത്തുകടക്കാനുളള ശ്രമത്തിനും കൂടെയാണ് മജീദിപ്പോൾ പുതിയ പാത തിരഞ്ഞെടുത്തിരിക്കുന്നത്.
1980 തൊട്ട് ബ്രൗൺ ഷുഗർ ഉൾപ്പടെ പലതരത്തിലുള്ള മയക്കുമരുന്ന് വസ്തുക്കൾ ഉപയോഗിക്കുകയും കച്ചവടം നടത്തുകയും ചെയ്യുന്ന മജീദ് പോലീസിന്റെ കയ്യിൽ പെടുന്ന സ്ഥിരം പ്രതിയായിരുന്നു. ഇതിന് പുറമെ മോഷണവും കൊള്ളയുമെല്ലാം മജീദിന്റെ ക്രിമിനൽ ജീവിതത്തിന്റെ ഭാഗമായിരുന്നു. മാറാടും സമീപ പ്രദേശങ്ങളിലുമായിരുന്നു പല കാലങ്ങളായി ഇദ്ദേഹം താമസിച്ചു പോന്നത്. നിരവധി കേസുകൾ തന്റെ പേരിൽ ഉണ്ടായതുകൊണ്ട് തന്നെ ഏകദേശം 25 വർഷത്തോളം മജീദിന് ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ട്. കൂടാതെ ചെമ്മങ്ങാട് പോലീസ് സ്റ്റേഷനിലെ സസ്പെക്ട് കൂടി ആയിരുന്നു.
എന്നാൽ കഴിഞ്ഞ 16 ന് തന്റെ കട ഉദ്ഘടാനം ചെയ്ത്, പഴയ ക്രിമിനൽ ജീവിതത്തെ ചവറ്റുകൊട്ടയിലിട്ട് പുതിയ ജീവിതത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് മജീദ്. ഡാൻസാഫ് വിങ്ങിലെ എഎസ്ഐ മനോജ്, അനീഷ് എന്നിവരാണ് മജീദിന്റെ ഈ പുതിയ ജീവിതയാത്രക്ക് കൂടതൽ പ്രചോദനം നൽകിയത്. യുവതലമുറ പോലും ലഹരിക്ക് പിന്നാലെ ഓടുന്ന ഇക്കാലത്ത് മജീദ് നമുക്ക് പ്രതീക്ഷ തന്നെയാണ്. ലഹരി വസ്തുക്കളോട് ബൈ പറഞ്ഞു ഉറച്ച മനസോടെ ശരിയായ ജീവിതത്തിലേക്ക് തിരിച്ചു വരാൻ ഇനിയും ഒരുപാട് മജീദുമാർ തയ്യാറാവണം. അത്തരത്തിൽ ലഹരി വസ്തുക്കളോട് നോ പറഞ്ഞു ലഹരിവിമുക്ത സമൂഹത്തെ പടുത്തുയർത്താൻ നമുക്കോരോരുത്തർക്കും സാധ്യമാകേണ്ടതുണ്ട്.

