ലഖ്നൗ: ഇന്ത്യയിലെ പല വളർത്തുമൃഗ ഉടമകളും തങ്ങളുടെ നായ്ക്കളുടെ വിവാഹം ആർഭാടമാക്കുന്ന വാർത്തകൾ ഇപ്പോൾ പുറത്തുവരാറുണ്ട്. അതിൽ ഏറ്റവും പുതിയതാണ് ഉത്തർപ്രദേശിൽ നിന്ന് വരുന്ന വിവാഹ വാർത്ത. ഉത്തർപ്രദേശിലെ അലിഗഡിൽ ഏഴ് മാസം പ്രായമുള്ള പെൺ നായ ജെല്ലിയും ടോമിയും തമ്മിലുളള വിവാഹം നടന്നു. പരമ്പരാഗത ഇന്ത്യൻ വിവാഹത്തിന്റെ ആചാരങ്ങളോടെയായിരുന്നു ചടങ്ങുകൾ നടത്തിയത്. ഏകദേശം അരലക്ഷത്തോളം രൂപയാണ് വിവാഹത്തിനായി ചെലവഴിച്ചത്.
ടോമി മുൻ സുഖ്രാവലി ഗ്രാമത്തലവനായ ദിനേശ് ചൗധരിയുടെ വളർത്തുനായയാണ്. ജെല്ലി അത്രോലിയിലെ തിക്രി റായ്പൂരിൽ താമസിക്കുന്ന ഡോ രാംപ്രകാശ് സിങ്ങിന്റെ നായയാണ്. മകരസംക്രാന്തി ദിനമായ ജനുവരി 14നായിരുന്നു ടോമിയുടെയും ജെല്ലിയുടെയും വിവാഹം. ഇതിന്റെ ഭാഗമായി വധൂവരന്മാരുടെ കഴുത്തിൽ മാല ചാർത്തി ഘോഷയാത്ര നടത്തി. ധോൾ മേളത്തിന്റെയും നൃത്തച്ചുവടുകളുടെയും അകമ്പടിയോടെ ആയിരുന്നു ഘോഷയാത്ര. വധുവിന്റെ ആളുകൾ വരന്റെ വീട്ടിലെത്തി ടോമിക്ക് തിലകവും ചാർത്തി.
ഘോഷയാത്രയ്ക്ക് ശേഷം മാലകൾ മാറ്റി എല്ലാവിധ ആചാരങ്ങളോടെയും നായ്ക്കളുടെ വിവാഹം നടത്തി. ഘോഷയാത്രയുടെയും വിവാഹ ചടങ്ങുകളുടെയും വീഡിയോയും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ‘മകര സംക്രാന്തി ദിനത്തിലാണ് ഞങ്ങൾ കല്യാണം നടത്തിയത്. വിവാഹത്തോടനുബന്ധിച്ച് അയൽപക്കത്തെ നായ്ക്കൾക്ക് ഭക്ഷണം വിതരണം ചെയ്തു. ഇതിനായി ഏകദേശം 40,000-45,000 രൂപ ചെലവഴിച്ചു,’ ടോമിയുടെ ഉടമ ദിനേശ് ചൗധരി പറഞ്ഞു.
ഇത് മാത്രമല്ല വാർത്തകളിൽ ഇടം പിടിക്കുന്ന ‘നായ കല്യാണം’. കഴിഞ്ഞ വർഷം നവംബറിൽ, ഗുരുഗ്രാമിൽ സമാനമായ ഒരു സംഭവം നടന്നിരുന്നു. ദമ്പതികൾ അവരുടെ വളർത്തുനായയെ അയൽപക്കത്തെ നായയുമായി വിവാഹം കഴിപ്പിച്ചിരുന്നു. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. വിവാഹത്തിന് 100 ക്ഷണക്കത്തുകളാണ് അച്ചടിച്ചത്. ധോൾ, നൃത്തം എന്നിവയുടെ അകമ്പടിയോടെയായിരുന്നു വിവാഹ ചടങ്ങുകൾ.

