കൊടല് നടക്കാവ് യുവജന വായനശാലയുടെ നവീകരിച്ച കെട്ടിടം പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 4.5 ലക്ഷം രൂപ വിനിയോഗിച്ചാണ് പാര്‍ട്ടീഷ്യന്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങളോടെ കെട്ടിടത്തിന്റെ നവീകരണം പൂര്‍ത്തീകരിച്ചത്.
14,000 പൂസ്തകങ്ങളുള്ള കൊടല് നടക്കാവ് യുവജന വായനശാല 1958 ലാണ് സ്ഥാപിച്ചത്. ആദ്യം ചെറിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച വായനശാലക്ക് ഒളവണ്ണ ഗ്രാമപഞ്ചായത്താണ് രണ്ട് നിലകളുള്ള കെട്ടിടം നിര്‍മ്മിച്ചു നല്‍കിയത്. പിന്നീട് എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് കെട്ടിടത്തിന് മുകളില്‍ ഒരു ഷീറ്റ്ഹാളും നിര്‍മ്മിച്ചിട്ടുണ്ട്. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഏക എ ഗ്രേഡ് വായനശാലയായ കൊടല് നടക്കാവ് യുവജന വായനശാലയിലാണ് ഇ സേവന കേന്ദ്രം പ്രവര്‍ത്തിച്ചു വരുന്നത്. ഇതിനായി കംമ്പ്യൂട്ടര്‍, പ്രൊജക്ടര്‍ തുടങ്ങിയവ നേരത്തെ എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ചിരുന്നു.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജീവ് പെരുമണ്‍പുറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ പുഷ്പലത, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം അബ്ദുല്‍ ഖാദര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം വി.എം ശങ്കര നാരായണന്, ഇ രാമകൃഷ്ണന് സംസാരിച്ചു. വായനശാല സെക്രട്ടറി സി.പി മോഹനന് സ്വാഗതവും ജോ. സെക്രട്ടറി എം മണികണ്ഠന് നന്ദിയും പറഞ്ഞു.