ആധാർ കാർഡിലെ വിലാസം പുതുക്കുന്നതിനോ മാറ്റുന്നതിനോ ഇപ്പോൾ പുതിയ അവസരം നൽകിയിരിക്കുകയാണ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) കുടുംബനാഥന്റെ സമ്മതത്തോടെ ഓൺലൈനായി ആധാറിലെ വിലാസം അപ്ഡേറ്റ് ചെയ്യാൻ യുഐഡിഎഐ അനുവദിക്കുന്നു. റേഷൻ കാർഡ്, മാർക്ഷീറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് അല്ലെങ്കിൽ അപേക്ഷകന്റെയും കുടുംബനാഥന്റെയും ബന്ധം വ്യക്തമാക്കികൊണ്ട് നടപടികൾ ആരംഭിക്കാം. ബന്ധത്തിന്റെ തെളിവ് രേഖ ലഭ്യമല്ലെങ്കിൽ, യുഐഡിഎഐ നിർദ്ദേശിച്ച ഫോർമാറ്റിൽ കുടുംബനാഥന് സ്വയം പ്രഖ്യാപനം സമർപ്പിക്കാം. വിവിധ കാരണങ്ങളാൽ ആളുകൾ താമസം മാറേണ്ടി വരുമ്പോൾ ഇത്തരത്തിൽ വിലാസം രേഖകളിൽ മാറ്റാൻ കഴിയുന്നത് വളരെ പ്രയോജനകരമാകും. യുഐഡിഎഐയുടെ ഔദ്യോഗിക പ്രസ്താവന പ്രകാരം 18 വയസ്സിന് മുകളിലുള്ള ആർക്കും
കുടുംബനാഥനാകാം. രേഖകൾ പങ്കിടാനും സാധിക്കും. വിലാസം അപ്ഡേറ്റ് ചെയ്തു കഴിയുമ്പോൾ, ഇക്കാര്യം എസ്എംഎസിലൂടെ അപേക്ഷകരെ അറിയിക്കും. എന്തെങ്കിലും കാരണവശാൽ അപേക്ഷ നിരസിക്കപ്പെട്ടാൽ, അപേക്ഷാ ഫീസ് തിരികെ നൽകില്ലെന്നും പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ഒരാൾക്ക് പേര് രണ്ട് തവണയും ജെൻഡർ ഒരു തവണയും ജനനത്തീയതി ഒരു തവണയും മാത്രമേ ആധാറിൽ മാറ്റാനാകൂ.
https://myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് തുറക്കുക.
ഓൺലൈനിൽ വിലാസം അപ്ഡേറ്റ് ചെയ്യാൻ പുതിയ ഓപ്ഷൻ തിരഞ്ഞെടുക്കാം
നിങ്ങൾ കുടുംബനാഥന്റെ ആധാർ നമ്പർ നൽകുക.
കുടുംബനാഥനുമായുള്ള ബന്ധത്തിന്റെ തെളിവ് രേഖ അപ്ലോഡ് ചെയ്യുക.
സേവനത്തിന് നിങ്ങൾ 50 രൂപ ഫീസ് നൽകണം.
കുടുംബനാഥന് ലഭിച്ച ഒട്ടിപി നൽകുക
അറിയിപ്പ് ലഭിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ എന്റെ ആധാർ പോർട്ടലിൽ ലോഗിൻ ചെയ്ത് കുടുംബനാഥൻ അഭ്യർത്ഥന അംഗീകരിക്കുകയും അവരുടെ സമ്മതം നൽകുകയും വേണം.

