ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാനെ, മന്ത്രിസഭയിലേക്ക് തിരികെയെടുക്കാൻ ഗവർണർ നിയമപരമായി മാത്രം നടപടി സ്വീകരിച്ചാൽ മതിയെന്ന് എം.വി ഗോവിന്ദൻ.നിയമത്തിന്റെ പേര് പറഞ്ഞ് സർക്കാരിനെ അലോസരപ്പെടുത്തുകയാണ് ഗവർണർ കുറച്ച് കാലമായി ചെയ്യുന്നത്.അതിന്റെ തുടർച്ചയാണ് സജി ചെറിയാൻ വിഷയത്തിലും നടക്കുന്നത്. നിയമവ്യവസ്ഥ തുടരുന്ന നാട്ടിൽ ഗവർണർക്ക് ഇതേ നിലപാട് തുടരാനാകില്ല. ഭരണഘടനയെ വിമർശിക്കുന്നത് കുറ്റകരമല്ലെന്ന് സുപ്രിംകോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ഭരണഘടനയെ അധിക്ഷേപിച്ച കേസിൽ കോടതി പൂർണമായും കുറ്റവിമുക്തനാക്കിയെന്ന് ബോധ്യമായാൽ മാത്രം സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് അനുമതിനൽകിയാൽ മതിയെന്നാണ് ഗവർണർക്ക് നിയമോപദേശം ലഭിച്ചിരിക്കുന്നത്. സജി ചെറിയാനെ അടിയന്തരമായി മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും ഗവർണറുടെ നിയമോപദേഷ്ടാവ് ഡോ. എസ്. ഗോപകുമാരൻ നായർ നൽകിയിരിക്കുന്ന ഉപദേശത്തിൽ പറയുന്നു.
മുഖ്യമന്ത്രി തിടുക്കപ്പെട്ട് നൽകിയിരിക്കുന്ന നോട്ടീസിൽ വിശദാംശങ്ങൾ ആരായണമെന്നും നിയമോപദേശത്തിലുണ്ട്. ഭരണഘടനാ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള ചുമതല ഗവർണർക്കുണ്ട്. ഇക്കാര്യം ജനങ്ങൾ അറിയണം. സജി ചെറിയാൻ നടത്തിയ വിവാദപ്രസംഗമടക്കം പരിശോധിച്ചാണ് നിയമോപദേശം നൽകിയിരിക്കുന്നത്. ഭരണഘടനയോട് കൂറുപുലർത്തുമെന്ന് പ്രതിജ്ഞചെയ്ത് അധികാരമേൽക്കുന്ന മന്ത്രിക്ക് ഒട്ടും യോജിക്കാത്ത പ്രസംഗമാണ് നടത്തിയത്. എന്നാൽ, ഭരണഘടനയെ സംരക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് ഗവർണർക്കുള്ളത്. അതിനായി പരമാവധി ശ്രമം ഉണ്ടാകണമെന്ന് ഭരണഘടനാ അനുച്ഛേദം 159-ൽ നിഷ്കർഷിക്കുന്നുണ്ടെന്നും ലീഗൽ അഡൈ്വസർ നൽകിയ നിയമോപദേശത്തിലുണ്ടെന്ന് സ്റ്റാൻഡിങ് കോൺസൽ എസ്. പ്രസാദ് അറിയിച്ചു.

