സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളില്‍ വീണ്ടും എന്‍.ഐ.എ. റെയ്ഡ്. സംസ്ഥാന വ്യാപകമായി 56 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. എറണാകുളം ജില്ലയില്‍ മാത്രം 12 ഇടങ്ങളില്‍ എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്. പ്രാദേശിക പോലീസിന്റെ സഹായത്തോടെയാണ് റെയ്ഡ്.പുലർച്ചെ രണ്ട് മണിയോടെ ആരംഭിച്ച റെയ്ഡ് ഇതിനോടകം പലയിടത്തും പൂർത്തിയായി. നിരവധി രേഖകളും മൊബൈൽ ഫോണുകൾ അടക്കമുള്ള ഇലക്ട്രോണിക് ഡിവൈസുകളും പിടിച്ചെടുത്തു എന്നാണ് വിവരം. മലപ്പുറത്ത് ഏഴിടങ്ങളിൽ ആണ് എൻഐഎ റെയ്ഡ് നടത്തിയത്. പി.എഫ്.ഐ ദേശീയ ചെയർമാനായിരുന്ന ഒ.എം.എ സലാമിന്റെ സഹോദരൻ ഒ.എം.എ ജബ്ബാറിന്റെ മഞ്ചേരി പട്ടർകുളത്തെ വീട്ടിലും പിഎഫ്ഐ ദേശീയ ട്രെയ്നെർ ആയിരുന്ന ഇബ്രാഹിമിന്റെ പുത്തനത്താണിയിലെ വീട്ടിലും, മുൻ സംസ്ഥാന ചെയർമാനായിരുന്ന പി അബ്ദുൽ ഹമീദിന്റെ കോട്ടക്കൽ ഇന്ത്യനൂരിലെ വസതിയിലും കോട്ടക്കൽ ചെറുകാവ് സ്വദേശി റഫീഖിന്റെ വീട്ടിലും എൻഐഎ സംഘം റെയ്ഡ് നടത്തി. കൊണ്ടോട്ടിയിലെ മുജീബ് റഹ്മാന്റെ വീട്ടിലും എൻഐഎ പരിശോധന നടത്തി. ഇയാൾ നേരത്തെ പൈപ്പ് ബോംബ് കണ്ടെത്തിയ കേസിൽ പ്രതിയാണ്.കോഴിക്കോട് ജില്ലയിൽ രണ്ടിടത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. മാവൂരിലും നാദാപുരത്തുമാണ് റെയ്ഡ് നടന്നത്. നാദാപുരത്തെ പി.എഫ്.ഐ പ്രവർത്തകൻ നൗഷാദിന്റെ വീട്ടിൽ എൻഐഎ സംഘം പരിശോധന നടത്തി. കോഴിക്കോട് പാലേരിയിലും എൻഐഎ പരിശോധന നടത്തി.
സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ റെയ്ഡ്

