മലപ്പുറം: സ്കൂൾ വികസനത്തിന് മുന്നിട്ടിറങ്ങി മലപ്പുറത്തെ അർജന്റീന ആരാധകർ. മലപ്പുറം മേൽമുറി ജിഎംഎൽപി സ്കൂളിന്റെ വികസനത്തിനാണ് ആരാധകരുടെ സ്നേഹക്കൂട്ടായ്മ ഒരുങ്ങുന്നത്. സ്കൂളിനായി പുതിയ കെട്ടിടവും ഗ്രൗണ്ടും നിർമ്മിക്കാനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനാണ് നൂറു രൂപ ചലഞ്ച് നടത്തുന്നത്.ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ മൂന്ന് കോംപൗണ്ടുകളിലാണ് പ്രവർത്തിക്കുന്നത്. ഇതിൽ രണ്ടും വാടക കെട്ടിടങ്ങളാണ്. പുതിയ കെട്ടിടം നിർമ്മിക്കാൻ കണ്ടെത്തിയ 1.75 ഏക്കർ സ്ഥലം വാങ്ങാനാണ് നൂറു രൂപ ചലഞ്ച് നടത്തുന്നത്. മാർച്ച് മാസത്തിനുള്ളിൽ 2.25 കോടി രൂപ കണ്ടെത്തിയാൽ മാത്രമേ സ്ഥലം വാങ്ങാൻ കഴിയുള്ളു. സ്ഥലം സ്വന്തമായുണ്ടെങ്കിൽ കെട്ടിട നിർമ്മാണത്തിന് സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കും.സ്കൂൾ പിടിഎയുടെയും സ്കൂൾ വികസന സമിതിയുടെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. അർജന്റീന ആരാധകരുടെ ഈ മുന്നേറ്റത്തിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. നിലവിൽ ഒരു ലക്ഷത്തോളം രൂപ സമാഹരിച്ചിട്ടുണ്ട്.
മാതൃകയായി അർജന്റീന ആരാധകർ; മലപ്പുറത്ത് സ്കൂൾ വികസനത്തിന് നൂറു രൂപ ചലഞ്ച്

