പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് വക്കാലത്ത് ഏറ്റെടുത്ത മുൻ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ സി.കെ. ശ്രീധരനെ വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം പി. പിലാത്തോസും യൂദാസും കൂടെ ചേർന്നാൽ എന്താണോ അതാണ് ശ്രീധരനെന്ന് അദ്ദേഹം പറഞ്ഞു.’പെരിയ ഇരട്ടക്കൊലക്കേസ് വക്കാലത്ത് ഏറ്റെടുത്ത സി.കെ. ശ്രീധരൻ ഒരു ചതി നടത്തിയിട്ടുണ്ട്. കുടുംബത്തെ വിശ്വസിപ്പിച്ച്, കേസ് ഏറ്റെടുത്ത് സി.ബി.ഐയ്ക്ക് വിടാമെന്ന് പറഞ്ഞ്, എറണാകുളത്ത് പോയി മുറിയെടുത്ത് കേസ് മൊത്തം പഠിച്ചു കഴിഞ്ഞപ്പോഴാണ് പറയുന്നത് എനിക്ക് തിരക്കാണെന്ന്. ഞങ്ങൾക്ക് അറിയാവുന്ന മുഴുവൻ വിവരങ്ങളും ചോർത്തിയെടുത്ത ശേഷമാണ് അദ്ദേഹം പറയുന്നത് കേസെടുക്കാൻ പറ്റില്ല എന്ന്. മുപ്പത് ചില്ലിക്കാശിന് വേണ്ടി യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്തില്ലേ യൂദാസ്. പിലാത്തോസും യൂദാസും കൂടെ ചേർന്നാൽ എന്താണോ അതാണ് സികെ ശ്രീധരൻ. സികെ ശ്രീധരന് ഏത് ഏത് പാർട്ടിയിൽ വേണമെങ്കിലും പോകാം. ശ്രീധരന്റെ രാഷ്ട്രീയ ചാരിത്ര്യമൊന്നും കൂടുതലായി ജനങ്ങളോട് പറയണ്ട. അങ്ങനെ പറയാൻ അയാൾ പറയാൻ ശ്രമിച്ചാൽ പലതും നമുക്ക് പറയേണ്ടി വരും’ ഉണ്ണിത്താൻ പറഞ്ഞു.സി.കെ ശ്രീധരന് സ്ത്രീയായി ജനിക്കാതിരുന്നത് കാഞ്ഞങ്ങാട്ടുകാരുടെ ഭാഗ്യമാണെന്നും രാജ്മോഹന് ഉണ്ണിത്താന് പറഞ്ഞു.
സി.കെ ശ്രീധരന് സ്ത്രീയായി ജനിക്കാതിരുന്നത് കാഞ്ഞങ്ങാട്ടുകാരുടെ ഭാഗ്യം,രാജ്മോഹന് ഉണ്ണിത്താന്റെ സ്ത്രീവിരുദ്ധ പരാമർശം

