തിരുവനന്തപുരം: റവന്യു ജില്ല കലോത്സവത്തിൽ മാർഗംകളിയിലെ വിധി നിർണയത്തിനെതിരെ മത്സരാർത്ഥികളും രക്ഷാകർത്താക്കളും രംഗത്തെത്തി. മാർഗംകളി പഠിപ്പിച്ച അധ്യാപകൻ തന്നെ ജഡ്ജായി എത്തി തന്റെ ശിഷ്യർക്ക് ഒന്നാം സമ്മാനം നൽകിയെന്നാണ് ആരോപണം. എച്ച്എസ്എസ് വിഭാഗം മാർഗംകളിയിൽ കാർമൽ സ്കൂളിനായിരുന്നു ഒന്നാം സ്ഥാനം. വിധി നിർണയം അട്ടിമറിച്ചെന്ന് ആരോപിച്ച് വെള്ളനാട് ഗവ. എച്ച്എസ്എസിലെ മത്സരാർത്ഥികളാണ് രംഗത്തെത്തിയത്.
വിധികർത്താവായ അധ്യാപകന് കാർമ്മൽ സ്കൂളിലെ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും ഉയർത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. ഫലപ്രഖ്യാപനത്തിൽ ആദ്യം അനൗൺസ് ചെയ്തത് അഞ്ച് എ ഗ്രേഡും രണ്ട് ബി ഗ്രേഡുമെന്നാണ്. എന്നാൽ തങ്ങൾക്ക് ലഭിച്ചത് സി ഗ്രേഡാണെന്നും ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. സി ഗ്രേഡായതിനാൽ അപ്പീലും തള്ളിപ്പോകുമെന്നതിനാൽ റിസൽട്ട് റദ്ദാക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ചവിട്ടുനാടകത്തിലും ഇതേ അധ്യാപകനായിരുന്നു വിധികർത്താവ്.
സംഘാടകര്‍ അറിയിച്ചതനുസരിച്ച് മ്യൂസിയം പൊലീസും സ്ഥലത്തെത്തി. എന്നാല്‍ കുട്ടികള്‍ പിന്മാറാന് തയ്യാറായില്ല. ബഹളം കടുത്തതോടെ സംഘാടക സമിതിയിലെ അധ്യാപകരെത്തി വിദ്യാര്‍ഥികളെ സ്കൂളിനുള്ളിലേക്ക് കൊണ്ടു പോയി. ഇന്ന് അവസാനിക്കുന്ന ജില്ലാ സ്കൂള്‍ കലോല്‍സവത്തില്‍ തിരുവനന്തപുരം സൗത്ത് ഉപജില്ലയാണ് മുന്നില്‍