രാജ്യത്തുടനീളം കൊമേഴ്സ്, ഹ്യുമാനിറ്റീസ്, സയൻസ് എന്നിവയുൾപ്പെടെ എല്ലാ വിഷയങ്ങളിലും പ്രാദേശിക ഭാഷകളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ അവതരിപ്പിക്കുമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ. ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിനായി യുജിസിയും ഭാരതീയ ഭാഷാ സമിതിയുമായി സഹകരിച്ച്, പദ്ധതി തയ്യാറാക്കാൻ ഒരു ഉന്നത സമിതിയെ നിയോഗിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് ഭാരതീയ ഭാഷാ സമിതി. ദേശീയ വിദ്യാഭ്യാസ നയം 2020 അനുസരിച്ച് സ്‌കൂളുകളിലും കോളേജുകളിലും പ്രാദേശിക ഭാഷകൾ അവതരിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നിരവധി പദ്ധതികളുടെ തുടർച്ചയായാണ് ഈ നീക്കം.
വിവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി പാഠപുസ്തകങ്ങളുടെ പബ്ലിഷർമാരുമായി നിർദിഷ്ട സമിതി ചർച്ച നടത്തുമെന്ന് യുജിസി ചെയർപേഴ്‌സൺ എം. ജഗദേഷ് കുമാർ പറഞ്ഞു. “ശരിയായ പാഠപുസ്തകങ്ങളില്ലാതെ പ്രാദേശിക ഭാഷകളിൽ കോഴ്സുകൾ ആരംഭിക്കാൻ സർവകലാശാലകൾക്ക് സാധിക്കില്ല. അതിനാൽ, ഞങ്ങളുടെ കോളേജുകളിലും സർവ്വകലാശാലകളിലും പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന എഴുത്തുകാരുടെ പുസ്തകങ്ങൾ തിരിച്ചറിയുകയും, ഞങ്ങളുടെ ഉദ്ദേശ്യത്തെക്കുറിച്ച് പ്രശസ്തരായ അന്താരാഷ്ട്ര എഴുത്തുകാരുമായും പബ്ലിഷർമാരുമായും ചർച്ചകൾ നടത്തുക എന്നതാണ് സമിതിയുടെ ആദ്യത്തെ ദൗത്യം,” കുമാർ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് യുജിസി ചില പ്രമുഖ അന്താരാഷ്ട്ര പബ്ലിഷർമാരുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അവരുടെ ഭാഗത്തു നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ കഴിയുന്ന ഇന്ത്യൻ എഴുത്തുകാർ എഴുതിയ പുസ്തകങ്ങൾ കമ്മിറ്റി കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, പാനലിന് കീഴിൽ യുജിസി ഒന്നിലധികം ഉപസമിതികൾ രൂപീകരിക്കുമെന്നും കുമാർ പറഞ്ഞു. ഈ ഉപസമിതികൾക്ക് ഓരോ ഭാഷകൾ നിയോഗിക്കുമെന്നും അവർ ആ ഭാഷകളിൽ കോഴ്സുകൾ അവതരിപ്പിക്കാൻ താൽപ്പര്യമുള്ള സർവകലാശാലകളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും യുജിസി ചെയർപേഴ്സൺ കൂട്ടിച്ചേർത്തു.
ബിരുദ തലത്തിലും ബിരുദാനന്തര ബിരുദ തലത്തിലും പ്രാദേശിക ഭാഷകളിൽ നിലവാരമുള്ള പാഠപുസ്തകങ്ങൾ ലഭ്യമാക്കുന്നതിനായി സമിതി പ്രവർത്തിക്കുമെന്ന് ഭാരതീയ ഭാഷാ സമിതി അധ്യക്ഷൻ ചാമു കൃഷ്ണ ശാസ്ത്രി പറഞ്ഞു. “എല്ലാ കോഴ്‌സുകളിലുമുള്ള പുസ്തകങ്ങൾ ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള മാർഗ്ഗനിർദേശങ്ങൾ കമ്മിറ്റി കൊണ്ടുവരും. ഇന്ത്യൻ ഭാഷകളിൽ പരീക്ഷ എഴുതുന്നതിനുള്ള മാർഗ്ഗനിർദേശങ്ങളും സമിതി രൂപീകരിക്കും. എന്നാൽ ഏത് ഭാഷ വേണമെന്ന് വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാം. വിദ്യാർത്ഥികൾക്ക് അവരുടെ മാതൃഭാഷയിൽ പഠിക്കാനുള്ള അവസരം ഒരുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” അദ്ദേഹം പറഞ്ഞു.
കേന്ദ്രം ഇതിനകം തന്നെ പല സംസ്ഥാനങ്ങളിലും പ്രാദേശിക ഭാഷകളിൽ എഞ്ചിനീയറിംഗ്, മെഡിക്കൽ കോഴ്‌സുകൾ അവതരിപ്പിച്ചിട്ടുണ്ട്. ജൂണിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യയും (ബിസിഐ) ലോ കോളേജുകളിൽ പ്രാദേശിക ഭാഷകളിൽ കോഴ്സുകൾ എങ്ങനെ ആരംഭിക്കാം എന്നതിനെക്കുറിച്ചുള്ള ശുപാർശകൾ കൊണ്ടുവരാൻ ഒരു പാനൽ രൂപീകരിച്ചിരുന്നു.

