ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് ജില്ലയിൽ സംഘടിപ്പിക്കുന്ന അറുപത്തിയൊന്നാമത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരാണ് മുഖ്യ രക്ഷാധികാരികൾ.
കോർപ്പറേഷൻ മേയർ, എം പിമാർ,എം എൽ എ മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ജില്ലാ കലക്ടർ, ജില്ലാ പോലീസ് മേധാവി,തുടങ്ങിയവർ സമിതിയിലെ രക്ഷാധികാരികളാണ്.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ചെയർമാനും തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ വർക്കിംഗ് ചെയർമാനുമാണ്.
ഡെപ്യൂട്ടി മേയർ സിപി മുസാഫർ അഹമ്മദ് വൈസ് ചെയർമാനായും പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ജനറൽ കോഡിനേറ്ററായും പ്രവർത്തിക്കും.
കലോത്സവത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 21 സബ് കമ്മിറ്റികളാണ് രൂപീകരിച്ചിരിക്കുന്നത്. ഈ സബ് കമ്മിറ്റികൾക്ക് ജനപ്രതിനിധികൾ നേതൃത്വം നൽകും. സബ് കമ്മിറ്റിയിലെ കൺവീനർമാരായി വിവിധ അധ്യാപക അനധ്യാപക സാമൂഹ്യ സഹകരണ പ്രവർത്തകരും രാഷ്ട്രീയ നേതാക്കന്മാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ സമൂഹത്തിലെ നാനാതുറയിൽപെട്ടവർ പ്രവർത്തിക്കും.
വെസ്റ്റ്ഹിൽ വിക്രം മൈതാനിയാണ് കലോത്സവത്തിന്റെ പ്രധാന വേദി. ജില്ലയിലെ വിവിധ സ്കൂളുകളിലായി 24 ഓളം വേദികളാണ് ഒരുക്കുക. 239 ഇനം കലാപരിപാടികൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. ഇതോടൊപ്പം സംസ്കൃതോത്സവവും അറബി കലോത്സവവും അരങ്ങേറും. കൂടാതെ ദിശ ഹയർ എജുക്കേഷൻ എക്സ്പോയും എക്സിബിഷനുകളും സംസ്കാരിക കലാ പരിപാടികളും ദൃശ്യവിസ്മയവും സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി നടക്കും.
ഹൈസ്കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങളിൽ നിന്നുമായി ഏകദേശം 14000 ത്തോളം വിദ്യാർത്ഥികൾ സംസ്ഥാനതലത്തിൽ മാറ്റുരക്കുന്നുണ്ട് .
പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ വിശിഷ്ടാതിഥിയായിരുന്നു. മേയർ ഡോ. ബീന ഫിലിപ്പ്, എം.കെ രാഘവൻ എം പി, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുത്തു.പൊതുവിദ്യാഭ്യാസ അഡിഷണൽ ഡയറക്ടർ (ജനറൽ) സി എ സന്തോഷ് സംഘാടക സമിതി അവതരണം നടത്തി.
പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ഐ എ എസ് സ്വാഗതവും കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് കുമാർ നന്ദിയും പറഞ്ഞു.

