ഒമര്‍ ലുലു സംവിധാനം ചെയ്ത പുതിയ സിനിമ ‘നല്ല സമയ’ത്തിന്‍റെ ട്രെയിലര്‍ ലോഞ്ച് ഒഴിവാക്കി.സിനിമാതാരം ഷക്കീലയെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ച് ഇന്ന് വൈകിട്ട് 7 മണിയ്ക്ക് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടത്താനിരുന്ന പരിപാടിയാണ് മാള്‍ അധികൃതരുടെ എതിര്‍പ്പ് മൂലം ഒഴിവാക്കിയത്.ഷക്കീല പങ്കെടുക്കുന്നതിനാല്‍ തിരക്ക് നിയന്ത്രിക്കാന്‍ കഴിയില്ലെന്ന കാരണം പറഞ്ഞാണ് മാള്‍ അധികൃതര്‍ ട്രെയ്‌ലര്‍ ലോഞ്ചിന് അനുമതി നിഷേധിച്ചത്. മുന്‍കൂട്ടി അനുവാദം വാങ്ങിയ ശേഷമാണ് പരിപാടി നടത്താനുള്ള തയ്യാറെടുപ്പുകള്‍ അണിയറ പ്രവര്‍ത്തകര്‍ നടത്തിയത്. എന്നാല്‍ ഷക്കീലയാണ് മുഖ്യാതിഥി എന്ന് അറിഞ്ഞതിന് ശേഷം മാള്‍ അധികൃതര്‍ പരിപാടി നടത്താന്‍ അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു.നടി ഷക്കീലയും ഒമര്‍ ലുലുവിനൊപ്പം വീഡിയോയിലുണ്ടായിരുന്നു. തനിക്ക് ഇത് ആദ്യത്തെ അനുഭവമല്ലെന്നും കാലങ്ങളായി തനിക്ക് നേരെ നടക്കുന്നതാണ് ഇതെന്നും ഷക്കീല പറഞ്ഞു. കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. ഇപ്പോഴുണ്ടായ ഈ സംഭവം തന്നെ വേദനിപ്പിച്ചെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു.സംഭവത്തിൽ ഒമർ ലുലു ഷക്കീലയോട് ക്ഷമ ചോദിക്കുകയും ചെയ്തു. ‘കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് ഇന്ന് നമ്മുടെ സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് പ്ലാൻ ചെയ്തിരുന്നു. ചേച്ചിയാണ് അതിഥി എന്നറിഞ്ഞപ്പോൾ മുതൽ പ്രശ്നങ്ങൾ തുടങ്ങി. വൈകുന്നേരം ആയപ്പോൾ സെക്യൂരിറ്റി പ്രശ്നങ്ങൾ പറഞ്ഞ് അത് ഒഴിവാക്കി. ചേച്ചി ഇങ്ങോട്ട് വരുകയും ചെയ്തു. ചേച്ചി ബിഗ് സോറി’, ഒമർ ലുലു പറഞ്ഞു.
ഷക്കീലക്ക് അനുമതിയില്ല;കോഴിക്കോട് ഒമര്‍ ലുലു ചിത്രം ‘നല്ല സമയം’ ട്രെയ്ലര്‍ ലോഞ്ച് ഒഴിവാക്കി,ഇത് ആദ്യ അനുഭവമല്ലെന്ന് നടി

