പ്രഥമ കേരളശ്രീ പുരസ്കാരം സ്വീകരിക്കില്ലെന്ന് ശിൽപി കാനായി കുഞ്ഞിരാമൻ. ശിൽപങ്ങളുടെ ശോഭ കെടുത്തുന്ന നടപടികളിൽ പ്രതിഷേധിച്ചാണ് തീരുമാനം. പുരസ്കാരം സ്വീകരിക്കില്ലെന്ന് സർക്കാരിനെ ഔദ്യോഗികമായി അറിയിക്കുമെന്നും കാനായി കുഞ്ഞിരാമൻ വ്യക്തമാക്കി.
സംസ്ഥാനത്ത് ശിൽപങ്ങൾ അവഗണിക്കപ്പെടുകയാണെന്നും ശിൽപങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യം സർക്കാർ ഗൗരവമായി എടുക്കുന്നില്ലെന്നും കാനായി കുറ്റപ്പെടുത്തി. ശംഖുമുഖത്തെ ‘സമുദ്രകന്യക’ ശിൽപ്പത്തിന് സമീപം ഹെലികോപ്റ്റർ കൊണ്ടുവച്ച് ആ ശിൽപത്തിന്റെ മഹിമ കെടുത്തി. ഇതിലുള്ള പരാതി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടും നടപടിയായില്ലെന്ന് കാനായി ആരോപിച്ചു.
പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങൾ തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. എം.ടി വാസുദേവൻ നായർക്കാണ് പ്രഥമ കേരള ജ്യോതി പുരസ്കാരം. ഓംചേരി എൻ.എൻ പിള്ള, ടി മാധവ മേനോൻ, മമ്മൂട്ടി എന്നിവർ കേരള പ്രഭ പുരസ്കാരത്തിനും ഡോ. ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമൻ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എംപി പരമേശ്വരൻ, വെക്കം വിജയലക്ഷ്മി എന്നിവർ കേരള ശ്രീ പുരസ്കാരത്തിനും അർഹരായി.

