കോഴിക്കോട് ; കോഴിക്കോട് കടല്‍ തീരത്തെ പ്രധാന വിനോദകേന്ദ്രമായ ഭട്ട് റോഡ് ബീച്ച് പാര്‍ക്ക് ശുചീകരിച്ചു. ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി ക്ലീന്‍ ഡസ്റ്റിനേഷന്‍ പദ്ധതിയുടെ ഭാഗമായാണ് ബീച്ച് വൃത്തിയാക്കിയത്. ഡി.ടി.പി.സിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് സിറ്റി പോലീസ് അസോസിയേഷന്‍, പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ 200 ലധികം പോലീസുകാരാണ് പുല്ല് വളര്‍ന്ന് കാട് മൂടിയ ബീച്ചില്‍ ശുചീകരണ പ്രവൃത്തി നടത്തിയത്. മന്ത്രി ടി.പി രാമകൃഷ്ണന്‍, ജില്ലാ കലക്ടര്‍ സാമ്പശിവ റാവു എന്നിവര്‍ പാര്‍ക്ക് സന്ദര്‍ശിച്ചു. പാര്‍ക്കിലെ കഫറ്റേരിയ ടെന്‍ഡര്‍ നടത്തി തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ കൈക്കൊളളണമെന്നും പാര്‍ക്കിന്റെ നവീകരണത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഡി.സി.പി എ.കെ ജമാലുദ്ദീന്‍, ഡി.ടി.പി.സി സെക്രട്ടറി ബീന, പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എ.ഉമേഷ്, സിറ്റി പോലീസ് അസോസിയേഷന്‍ പ്രതിനിധി ജി.എസ് ശ്രീജിഷ് എന്നിവരും മന്ത്രിയോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു. ഡി.ടി.പി.സിയുടെ മേല്‍നോട്ടത്തില്‍ 2012 മുതല്‍ ഭട്ട് റോഡ് കൂട്ടായ്മയാണ് പാര്‍ക്ക് പരിപാലിക്കുന്നത്.
ഭട്ട് റോഡ് ബീച്ച് പാര്‍ക്ക് ശുചീകരിച്ചു

