മലപ്പുറം: മുസ്ലീം ലീഗ് നേതാക്കളുടെ പരസ്യ നിലപാടിനെതിരെ വിമർശനവുമായി സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. എല്ലാ കാര്യങ്ങളിലും പാർട്ടിക്ക് ഒറ്റ നിലപാട് മാത്രമേ പാടുള്ളൂവെന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കി. മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച വിഷയത്തിൽ വ്യത്യസ്ഥ നിലപാട് ലീഗ്‍ നേതാക്കൾ വ്യക്തമാക്കിയതിലുള്ള നീരസം അദ്ധ്യക്ഷൻ പ്രകടമാക്കി. പാർട്ടി ഭരണഘടനാഭേദഗതിക്ക് അംഗീകാരം നൽകുന്നതിനായിട്ടാണ് യോഗം ചേരുന്നത്. 21 അംഗ സംസ്ഥാന സെക്രട്ടേറിയറ്റ് രൂപവത്കരിക്കാൻ ഇ ടി മുഹമ്മദ്ബഷീർ എംപി അധ്യക്ഷനായ ഭരണഘടനാഭേദഗതി സമിതി ശുപാർശ ചെയ്തിരുന്നു. ഇതിന് സംസ്ഥാന പ്രവർത്തകസമിതി അംഗീകാരവും നൽകി. സംസ്ഥാന കൗൺസിലോടെ ഇതടക്കമുള്ള ഭേദഗതികൾ പ്രാബല്യത്തിൽ വരും.പിഎഫ്‌ഐയെ നിരോധിച്ചതിന് പിന്നാലെ നടപടിയെ പിന്തുണച്ച് ആദ്യം രംഗത്തെത്തിയ ലീഗ് നേതാവ് എം കെ മുനീറായിരുന്നു. മുനീർ നിലപാട് മാറ്റിയതായി പിഎംഎ സലാം പറഞ്ഞിരുന്നു. രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റുന്ന രീതി ലീഗുകാർക്കില്ലെന്നും ഒരു ബാപ്പക്ക് ജനിച്ചവനാണ് താനെന്നുമായിരുന്നു മുനീറിന്റെ പ്രതികരണം.

