കോഴിക്കോട്; വെള്ളയില്‍ പുലിമുട്ടിന്റെ നീളം കൂട്ടാന്‍ 22.25 കോടി രൂപ അനുവദിച്ചു. നബാര്‍ഡ് പ്രാദേശിക അടിസ്ഥാന വികസന ഫണ്ടില്‍നിന്നാണ് തുക അനുവദിച്ചത്. ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പിനാണ് നിര്‍മാണ ചുമതല. ഫണ്ട് അനുവദിച്ചതോടെ ടെണ്ടര്‍ നടപടി ആരംഭിച്ചു.
2013ലാണ് ഹാര്‍ബറിന്റെ നിര്‍മാണം തുടങ്ങുന്നത്. എന്നാല്‍, നിര്‍മാണത്തിലെ പ്രശ്നം മൂലം ഹാര്‍ബറിലേക്ക് വലിയ ബോട്ടുകള്‍ കയറ്റാനായില്ല. കൃത്യമായ അളവിലല്ല പുലിമുട്ട് നിര്‍മിച്ചത്. തെക്കേഭാഗം 750 മീറ്ററും വടക്ക് 530 മീറ്ററുമാണ്. ഇതുമൂലം തിരമാലകള്‍ അടിച്ചുകയറാന്‍ തുടങ്ങി. മണല്‍ത്തിട്ടകളും രൂപപ്പെട്ടു. ബോട്ടുകള്‍ തകരുന്നത് പതിവായി. ക്രമേണ ഹാര്‍ബറിലേക്ക് ബോട്ടുകളുടെ വരവ് കുറഞ്ഞു.
പുലിമുട്ടിന്റെ നീളം വര്‍ധിപ്പിച്ചാല്‍ പ്രശ്നപരിഹാരമാകുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നീളം 490 മീറ്റര്‍ കൂട്ടാന്‍ തീരുമാനമായി. കഴിഞ്ഞ ഡിസംബറില്‍ പുലിമുട്ടിന്റെ നവീകരണത്തിനായി നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ 15.30 കോടി രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചു. സര്‍ക്കാരിത് കേന്ദ്രത്തിന് നല്‍കിയെങ്കിലും അനുമതി ലഭിച്ചില്ല. ഇതിനെ തുടര്‍ന്ന് മന്ത്രി മേഴ്സിക്കുട്ടിയുടെ നിര്‍ദേശപ്രകാരമാണ് എസ്റ്റിമേറ്റ് പുതുക്കി നല്‍കിയത്.

