തിരുവനന്തപുരം: 2019 ലെ ചരിത്ര കോൺഗ്രസിൽ കണ്ണൂർ സർവ്വകലാശാലയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താനോ രാജ്ഭവനോ സൃഷിച്ച വീഡിയോ അല്ല മറിച്ച് സർക്കാരിന്റെ പിആർഡിയിൽ നിന്നുള്ള ദൃശ്യങ്ങളാണെന്നും വീഡിയോ പ്രദർശിപ്പിക്കുന്നതിന് മുമ്പ് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ നേർക്ക് ആളുകൾ വന്നപ്പോൾ തടഞ്ഞത് നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെകെ രാഗേഷാണെന്ന് ഗവർണർ ആരോപിച്ചു. വേദിയിൽ നിന്നും ഇറങ്ങി വന്നാണ് കെകെ രാഗേഷ് പൊലീസിനെ തടഞ്ഞത്. സെക്ഷൻ 124 പ്രകാരം ഗവർണറെ തടഞ്ഞാൽ സ്വമേധയാ കേസെടുക്കണം. ഏഴ് വർഷവും തടവുമാണ് ശിക്ഷ. നൂറ് കണക്കിന് പൊലീസുകാരുടെ സാന്നിധ്യത്തിലാണ് കണ്ണൂരിലെ സംഭവം നടന്നതെന്നും ഗവർണർ വ്യക്തമാക്കി.
ഇർഫാൻ ഹബീബ് അനുവദിച്ചതിലും കൂടുതൽ സമയം സംസാരിച്ചതായി ഗവർണർ പറഞ്ഞു. ‘വിഷയത്തിൽ ഊന്നിയല്ല ഇർഫാൻ ഹബീബ് സംസാരിച്ചത്. സി ഐ എ യെ കുറിച്ചാണ് സംസാരിച്ചത്. ഓരോ തവണയും എന്നെ നോക്കി. ഞാൻ പ്രതികരിക്കണമെന്ന് അവർ പറയുകയായിരുന്നു. 95 മിനിട്ട് എനിക്ക് കാത്തിരിക്കേണ്ടി വന്നു’- ഗവർണർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ ചരിത്ര കോൺഗ്രസിനിടെയുള്ള വീഡിയോ ദൃശ്യം വാർത്താസമ്മേളനത്തിനിടെ പ്രദർശിപ്പിക്കുകയും ചെയ്തു.

