നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങളും പ്രാര്‍ഥനാഹാളുകളും അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.മലപ്പുറത്തെ നൂറുള്‍ ഇസ്ലാം സാസ്‌കാരിക സംഘം സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ണായകമായ ഉത്തരവ്. മലപ്പുറം ജില്ലയില്‍ ഒരു വാണിജ്യ കോംപ്ലക്‌സ് സംഘം പണിതിട്ടുണ്ട്. ഇത് ആരാധനാലയമാക്കി മാറ്റാന്‍ അനുവദിക്കണമെന്ന ഹര്‍ജി പരിഗണിച്ച് കൊണ്ടാണ് ഉത്തരവ്.അപേക്ഷ പരിഗണിക്കുമ്പോൾ സമാന ആരാധനാലയങ്ങൾ തമ്മിലുള്ള അകലം മാനദണ്ഡമാക്കണം, കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നത് തടഞ്ഞുകൊണ്ടുള്ള സർക്കുലർ സംസ്ഥാന സർക്കാർ പുറത്തിറക്കണം, അപൂർവങ്ങളിൽ അപൂർവ്വം കേസുകളിൽ മാത്രമേ കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നതിന് അനുമതി നൽകാവൂ എന്നും കോടതി നിര്‍ദ്ദേശിച്ചു.ആരാധനാലയമാക്കി മാറ്റാന്‍ അനുവദിക്കണമെന്ന് പറയുന്ന കെട്ടിടത്തിന്റെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ സമാനമായ 36 ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അങ്ങനെയെങ്കില്‍ എന്തിനാണ് ഈ കെട്ടിടം ആരാധനാലയമാക്കി മാറ്റുന്നതെന്ന് കോടതി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കല്ക്ടറോടും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ അടച്ചുപൂട്ടണമെന്ന വിധി.
അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ നടപടി വേണം;നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ അടച്ചുപൂട്ടണം

