എന്‍എസ്എസ് ക്യാമ്പില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് അധ്യാപകനെതിരെ പോക്സോ കേസ്. പോക്‌സോ വകുപ്പ് പ്രകാരമാണ് കഞ്ഞിക്കുഴി പൊലീസ് കേസെടുത്തത്. പത്തനംതിട്ട സ്വദേശി ഹരി ആര്‍ വിശ്വനാഥിനെതിരെയാണ് കേസ്.
പെണ്‍കുട്ടികള്‍ വസ്ത്രം മാറുമ്പോള്‍ ഒളിഞ്ഞു നോക്കിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നുമാണ് പരാതി. ബിജെപി അനുകൂല അധ്യാപക സംഘടനയായ ‘ദേശീയ അധ്യാപക സംഘ്’ ജില്ലാ ഭാരവാഹിയാണ് ഹരി ആര്‍ വിശ്വനാഥ്.
എട്ട് വിദ്യാര്‍ഥിനികള്‍ക്ക് ഇത്തരത്തില്‍ ലൈംഗിക അധിക്ഷേപം നേരിടേണ്ടി വന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പോലീസ് ഈ വിദ്യാര്‍ഥിനികളുടെ മൊഴിയെടുത്തു. ഒരു പെണ്‍കുട്ടി രേഖാമൂലം തന്നെ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.
സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ ഒത്തുതീര്‍പ്പാക്കുന്നതിന് കുട്ടിയുടെ സുഹൃത്തിനോട് ഹരി അപേക്ഷിക്കുന്നതിന്റെ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു. സമാനമായി ഇതിന് മുമ്പും ഈ അധ്യാപകന്‍ വിദ്യാര്‍ഥിനികോളോട് ലൈംഗിക ചുവയോടെ സംസാരിച്ചിരുന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. മുന്‍പ് പരാതി ഉയര്‍ന്നപ്പോള്‍ ഒതുക്കി തീര്‍ക്കുകയായിരുന്നു. സമാനമായ തരത്തില്‍ ഇപ്പോള്‍ പരാതി ഉയര്‍ന്നപ്പോഴും പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. സ്‌കൂള്‍ മാനേജ്‌മെന്റ് അദ്ധ്യാപകനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

