ചൈനീസ് ചാരക്കപ്പലിനെ ഉപഗ്രഹ സിഗ്നല്‍ കവചത്തില്‍ തളച്ച് ഇന്ത്യ. ശ്രീലങ്കയിലെ ഹംബന്തോട്ട തുറമുഖത്ത് നങ്കൂരമിട്ട ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ് 5 ഉയര്‍ത്തുന്ന സുരക്ഷാഭീഷണി ചെറുക്കാന്‍ നാല് ഉപഗ്രഹങ്ങളും യുദ്ധക്കപ്പലും വിന്യസിച്ചാണ് ഇന്ത്യ സിഗ്നല്‍ കവചം തീര്‍ത്തത്. ഉപഗ്രഹങ്ങളെ നിരീക്ഷിക്കാന്‍ ശേഷിയുള്ള ചൈനീസ് ചാരക്കപ്പലിനെ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചു തന്നെ ഇന്ത്യ നിരീക്ഷിക്കുകയാണ്. ഇതിനായി രണ്ട് ജി സാറ്റ് 7 ഉപഗ്രഹങ്ങളും ആര്.ഐ.സാറ്റും എമിസാറ്റ് ചാര ഉപഗ്രഹവും നേവിയുടെ കമ്മ്യൂണിക്കേഷന്‍ യുദ്ധക്കപ്പലുമാണ് ഇന്ത്യ വിന്യസിച്ചത്. എമിസാറ്റ് ഉപഗ്രഹത്തിലെ കൗടില്യ ഇലക്ട്രോണിക് ഇന്റലിജന്‍സ് പാക്കേജ് ഉപയോഗിച്ചാണ് സിഗ്നല്‍ കവചം തീര്‍ത്തത്.
ചൈനീസ് ചാരക്കപ്പലില്‍ നിന്നുള്ള നിരീക്ഷണ സിഗ്നലുകളെ തടയാനും അവയെ വഴിതെറ്റിക്കാനും കവചത്തിന് കഴിയും. ചൈനീസ് കപ്പലിലെ കൂറ്റന്‍ ആന്റിനകള്‍, റഡാറുകള്‍, സെന്‍സറുകള്‍ തുടങ്ങിയ ഡേറ്റാ അബ്സോര്‍ബിംഗ് സംവിധാനങ്ങളെയും ചൈനീസ് ചാര ഉപഗ്രഹങ്ങളില്‍ നിന്നുള്ള നിരീക്ഷണ സിഗ്നലുകളെയും തടയും.
17ന് ലങ്കയിലെത്തിയ ചൈനീസ് കപ്പല്‍ 22നാണ് മടങ്ങുക. അതുവരെ ഇന്ത്യയുടെ പ്രതിരോധം തുടരും. ഈ ദിവസങ്ങളില്‍ രാജ്യത്തെ പ്രതിരോധ,ഗവേഷണ, സൈനിക കേന്ദ്രങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സന്ദേശങ്ങള്‍ അയയ്ക്കുന്നത് ഒഴിവാക്കണമെന്നും പ്രതിരോധ ഇന്റലിജന്‍സ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ചൈനീസ് ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ് ചൈനീസ് കപ്പലിന്റെ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍. യുദ്ധാവശ്യങ്ങള്‍ക്ക് വേണ്ടിയാണിത് പ്രധാനമായും ഉപയോഗിക്കുന്നതെന്നാണ് അമേരിക്കന്‍ മുന്നറിയിപ്പ്. ഇത് കണക്കിലെടുത്താണ് ഇന്ത്യയുടെ മുന്‍കരുതല്‍.