ഏഴു വയസുകാരനെ ശ്വാസം മുട്ടിച്ച് കൊന്ന കേസില്‍ മാതാവ് അറസ്റ്റില്‍. കോഴിക്കോട് അത്തോളിയിലാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹംദാനാണ് കൊല്ലപ്പെട്ടത്. അത്തോളി സ്വദേശിനി ജുമൈലയാണ് മകന് ഹംദാനെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. കുട്ടി ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് ആദ്യം അറിയിച്ചത്. എന്നാല്‍ കുഞ്ഞ് ചെറുതായതിനാല്‍ ഹൃദയാഘാതത്തിനുള്ള സാധ്യത കുറവാണെന്ന് പലരും സംശയിച്ചു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിയുടെ മരണത്തില്‍ ഡോക്ടറും സംശയം പ്രകടിപ്പിച്ചതോടെ പിന്നീടുള്ള പരിശോധനയില്‍ ശ്വാസം മുട്ടി മരിച്ചതായി കണ്ടെത്തി.
ഇതോടെ കുട്ടിയുടെ ബന്ധുക്കള്‍ അമ്മയ്ക്കെതിരെ ആരോപണം ഉന്നയിക്കുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കൊലപാതകവിവരം പുറത്തുവന്നത്. ഏറെ നാളുകളായി ജുമൈല മാനസികരോഗത്തിന് ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് ബന്ധുക്കള്‍ നല്കുന്ന വിവരം.